യസീദി പെൺകുട്ടിയെ ഗാസയിൽനിന്നു മോചിപ്പിച്ചു
Saturday, October 5, 2024 4:45 AM IST
ബാഗ്ദാദ്: ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി ഹമാസ് ഭീകരൻ പതിറ്റാണ്ട് തടവിൽവച്ച യസീദി പെൺകുട്ടിയെ മോചിപ്പിച്ചു. ഇറാക്കിൽനിന്ന് 11-ാം വയസിൽ ഐഎസ് ഭീകരർ പിടിച്ചുകൊണ്ടുപോയ ഫൗസിയ അമീൻ സീദോയെ ആണ് അമേരിക്കൻ-ഇസ്രേലി സേനകൾ സംയുക്തമായി ഗാസയിൽനിന്നു മോചിപ്പിച്ചത്. ഇപ്പോൾ 21 വയസുള്ള അമീൻ ഇറാക്കിലെ കുടുംബത്തിനൊപ്പം ചേർന്നു.
ഫൗസിയയെ തടവിൽവച്ച ഹമാസ് ഭീകരൻ ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് രക്ഷപ്പെട്ട പെൺകുട്ടി മറ്റൊരു സ്ഥലത്ത് ഒളിച്ചുകഴിഞ്ഞു. ഫൗസിയയെ വീണ്ടെടുക്കാനായി യുഎസിന്റെ നേതൃത്വത്തിൽ പ്രത്യേക ഓപ്പറേഷൻ നടത്തുകയായിരുന്നു.
ഫൗസിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ ദീർഘകാലത്തെ അടിമത്തവും ഗാസയിലെ ശോചനീയ സാഹചര്യങ്ങളും അവരുടെ മാനസികാരോഗ്യം തകർത്തെന്ന് ഇറാക്കി വൃത്തങ്ങൾ പറഞ്ഞു.
ഒരുകാലത്ത് ഇറാക്ക്, സിറിയ പ്രദേശങ്ങൾ നിയന്ത്രിച്ചിരുന്ന ഐഎസ് ഭീകരർ 2014ലാണ് വടക്കൻ ഇറാക്കിലെ സിൻജാറിൽ പാർത്തിരുന്ന യസീദി ന്യൂനപക്ഷങ്ങളെ ആക്രമിച്ചത്. മൂവായിരത്തിലധികം പുരുഷന്മാരെ വധിക്കുകയും ബാലികമാരും സ്ത്രീകളും അടക്കം ആറായിരം പേരെ തടവിലാക്കുകയും ചെയ്തു. ഇവരെ പലരെയും വിൽക്കുകയും അടിമകളാക്കുകയാണു ചെയ്തത്. 3500 പേരെ രക്ഷിക്കാൻ കഴിഞ്ഞതായി ഇറാക്കി അധികൃതർ പറഞ്ഞു. ഫൗസിയയെ ഐഎസ് ഭീകരർ ഗാസയിലെ ഭീകരന് വിറ്റതാണെന്നു കരുതുന്നു.