ഇറാനുള്ള തിരിച്ചടി; ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ ബൈഡന് എതിർപ്പ്
Friday, October 4, 2024 3:45 AM IST
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ ഉദ്യമത്തിൽ എതിർപ്പു പ്രകടിപ്പ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തിങ്കളാഴ്ചത്തെ ഇറാന്റെ മിസൈൽ ആക്രമണത്തിനു തിരിച്ചടി നല്കാൻ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും അത് ആനുപാതികം ആയിരിക്കണമെന്നു ബൈഡൻ വ്യക്തമാക്കി.
ഇറാനെതിരേ കൂടുതൽ ഉപരോധങ്ങൾ ചുമത്തുമെന്നും ജി-7 രാജ്യങ്ങളുമായി ഇക്കാര്യം ആലോചിച്ചെന്നും ബൈഡൻ വെളിപ്പെടുത്തി. ഇറാനു നല്കുന്ന തിരിച്ചടി സംബന്ധിച്ച് ഇസ്രേലി നേതൃത്വവുമായി അമേരിക്കൻ നേതൃത്വം ചർച്ച നടത്തും. ഇറാന്റെ ആക്രമണത്തിന് ആനുപാതികമായ തിരിച്ചടിയാണു നല്കേണ്ടതെന്നാണ് ജി-7ന്റെ തീരുമാനം. ഇസ്രയേലിന് അമേരിക്കയുടെ പൂർണ പിന്തുണ ഉണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഇറാൻ 183 മിസൈലുകളാണ് ഇസ്രയേലിലേക്കു തൊടുത്തത്. ഭൂരിഭാഗവും വെടിവച്ചിട്ടതായി ഇസ്രയേൽ അറിയിച്ചു. ഇസ്രയേലിൽ ആളപായമോ കാര്യമായ നാശമോ ഉണ്ടായില്ല. തിരിച്ചടിയായി, ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണക്കിണറുകളും ആക്രമിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നതായാണു റിപ്പോർട്ട്.
ഇതിനിടെ, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ നിർദേശങ്ങളെ അവഗണിക്കുന്നതിൽ ബൈഡൻ രോഷാകുലനാണെന്ന് അമേരിക്കൻ മാധ്യമമായ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. ഗാസയിലെ ഇസ്രേലി സൈനിക നടപടികൾ നിയന്ത്രിക്കാൻ കഴിയാത്തതിൽ ബൈഡനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും നിരാശരാണ്. പശ്ചിമേഷ്യാ സംഘർഷം വർധിക്കുന്നതു തടയാൻ അമേരിക്കയ്ക്കു കഴിയുന്നില്ലെന്നു വൈറ്റ്ഹൗസ് സമ്മതിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.