ഖാൻ യുനീസിൽ ഇസ്രയേൽ കര, വ്യോമാക്രമണം; 51 പേർ കൊല്ലപ്പെട്ടു
Thursday, October 3, 2024 12:56 AM IST
ഗാസ: തെക്കൻ ഗാസയിലെ ഖാൻ യുനീസിൽ ഇസ്രയേൽ കര, വ്യോമാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ ആരംഭിച്ച ആക്രമണത്തിൽ 82 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഒന്നരവയസ് മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 12 കുട്ടികളും ഏഴ് സ്ത്രീകളുമുണ്ട്. ഹമാസ് കേന്ദ്രങ്ങളായ രണ്ടു സ്കൂളുകളുടെ നേർക്കായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു.
ഒരു സ്കൂളിൽ മാത്രമായി 11 സാധാരണക്കാർ കൊല്ലപ്പെട്ടെന്നു പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ മിസൈൽ ആക്രമണത്തിനു പിന്നാലെ ലബനനിലും ഗാസയിലും ഒരുപോലെ ഇസ്രയേൽ കരയാക്രമണങ്ങൾ തുടരുകയാണ്.
ഇതിനിടെ ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യവുമായി ഏറ്റുമുട്ടിയെന്നും അവരെ പിന്തിരിപ്പിച്ചെന്നും ഹിസ്ബുള്ള അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ഇസ്രയേലിന്റെ ഭാഗത്തുനിന്നു വിശദീകരണം ഉണ്ടായിട്ടില്ല.
ആയിരക്കണക്കിന് അധിക സൈനികരെയും പീരങ്കികളും അതിർത്തിയിലേക്ക് അയച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിയിലെ 24 ഗ്രാമങ്ങളിലെ ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. സംഘർഷം രൂക്ഷമായതോടെ ലക്ഷക്കണക്കിനാളുകൾ ഇതിനകം വീടുവിട്ട് പലായനം ചെയ്തിട്ടുണ്ട്.
തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമ, പീരങ്കി ആക്രമണങ്ങൾ തുടരുമ്പോൾ ഹിസ്ബുള്ള നൂറുകണക്കിന് റോക്കറ്റുകളും ഡ്രോണുകളും മിസൈലുകളും ഇസ്രയേലിനു നേർക്ക് തൊടുത്തു.
ലബനൻ അതിർത്തിയിൽനിന്നു പലായനം ചെയ്ത തങ്ങളുടെ പൗരന്മാർ വീടുകളിലേക്കു തിരിച്ചെത്തുന്നതുവരെ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം തുടരുമെന്ന് ഇസ്രയേൽ അറിയിച്ചു.