യുദ്ധത്തിന്റെ പുതിയ ഘട്ടം: ഗാലന്റ്
Friday, September 20, 2024 1:06 AM IST
ടെൽ അവീവ്: ഹിസ്ബുള്ള ഭീകരരുമായി സന്പൂർണ യുദ്ധത്തിന് ഇസ്രയേൽ തയാറെടുക്കുന്നതായി സൂചന.
ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സ്ഫോടനങ്ങളും യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന പ്രതിരോധമന്ത്രി യൊവാവ് ഗാലന്റിന്റെ പ്രഖ്യാപനവും ഇതിന്റെ മുന്നോടിയായി കണക്കാക്കുന്നു. ലബനനുമായി അതിർത്തിയുള്ള വടക്കൻ ഇസ്രയേലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ഇസ്രേലി സാർക്കാർ ഗാസയിൽ യുദ്ധം ചെയ്യുന്ന സൈനികരെ വടക്കോട്ട് നീക്കിയിട്ടുണ്ട്. ഖാൻ യൂനിസിൽ ഹമാസിനെ നേരിട്ട 98-ാം ഡിവിഷനെയാണ് ലബനീസ് അതിർത്തിയിലേക്ക് അയച്ചിരിക്കുന്നത്. ഗാസയിൽ ഹമാസിന്റെ ശക്തി ക്ഷയിച്ച പശ്ചാത്തലത്തിലാണ് സൈനികരെ പിൻവലിച്ചത്.
ഗാസ യുദ്ധം ഒരു വർഷത്തോട് അടുക്കുന്പോൾ ഇസ്രയേൽ നടത്തുന്ന നീക്കങ്ങൾ പശ്ചിമേഷ്യാ സംഘർഷം വ്യാപിപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിറ്റേന്നു മുതൽ ഹിസ്ബുള്ളകൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിനെ ആക്രമിക്കുന്നു. ഇസ്രേലി സേനയുടെ തിരിച്ചടിയിൽ ലബനനിൽ അഞ്ഞൂറിലധികം പേരാണു കൊല്ലപ്പെട്ടത്. ഭൂരിഭാഗവും ഭീകരരാണ്. ഹിസ്ബുള്ള ആക്രമണത്തിൽ ഇസ്രയേലിൽ 23 പട്ടാളക്കാരും 26 സിവിലിയന്മാരും കൊല്ലപ്പെട്ടു.