മെജുഗൊറെ മരിയൻ തീർഥാടനത്തിന് വത്തിക്കാന്റെ അംഗീകാരം
Friday, September 20, 2024 1:06 AM IST
വത്തിക്കാൻ: വടക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ ബോസ്നിയ ആൻഡ് ഹെർസഗോവിന(പഴയ യുഗോസ്ലാവിയ) യിൽപ്പെട്ട മെജുഗോറെയിലെ മരിയൻ തീർഥാടനത്തിന് വത്തിക്കാൻ അംഗീകാരം നൽകി. മെജുഗൊറെയിൽനിന്നുള്ള ആത്മീയസൗഖ്യം അംഗീകരിക്കുകയും ചെയ്തു.
സുദീർഘമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷമാണു മെജുഗൊറെ മരിയൻ ഭക്തികേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകൾ അംഗീകരിച്ചുകൊണ്ട് വത്തിക്കാൻ സുപ്രധാനമായ രേഖ പുറത്തിറക്കിയത്.
ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസ് ഒപ്പിട്ടു പ്രസിദ്ധീകരിച്ച രേഖ, പരിശുദ്ധ കന്യകാമറിയം പലതവണ പ്രത്യക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഈ സ്ഥലത്തെ ആത്മീയഫലങ്ങളിലെ നന്മകളെ ഏറ്റുപറയുന്നതാണ്.
ഈ ഭക്തികേന്ദ്രത്തിൽ ലഭിച്ച ഫലങ്ങൾ വിശ്വാസികളിൽ തിക്തഫലങ്ങൾ ഉളവാക്കുന്നവയല്ലെന്ന് രേഖ വിശദീകരിക്കുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച ഈ രേഖ, മെജുഗൊറെയിൽ പരിശുദ്ധ കന്യകാമറിയവുമായി ബന്ധപ്പെട്ട പൊതുവായ വണക്കം അംഗീകരിക്കുന്നതാണ്.
ലോകം മുഴുവനുംനിന്നുള്ള തീർഥാടകർ മെജുഗൊറെയിലേക്ക് എത്തുന്നത് എടുത്തുപറയുന്ന രേഖ, ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് മെജുഗൊറെ മുന്നോട്ടുവയ്ക്കുന്നതെന്ന് വ്യക്തമാക്കി.
നിരവധിയാളുകളാണ് ഈ ഭക്തികേന്ദ്രത്തിൽ വിശ്വാസം തിരികെ കണ്ടെത്തി മാനസാന്തരത്തിലേക്ക് എത്തിയതെന്ന് രേഖയിലുണ്ട്. മെജുഗൊറെ ഇടവക ആരാധനയുടെയും പ്രാർഥനയുടെയും യുവജനസംഗമങ്ങളുടെയും ഇടമായി മാറിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികൾ ഉൾപ്പെടെയുള്ള ആളുകൾ ഇവിടേക്കെത്തുന്നുണ്ട്.
മെജുഗൊറെയിലേക്ക് തീർഥാടനം നടത്തുന്നവരോട്, അവിടെ, പരിശുദ്ധ അമ്മയുടെ സന്ദേശം സ്വീകരിക്കുന്നവരെ കാണാനല്ല, മറിച്ച്, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയെ കണ്ടുമുട്ടാനാണ് നിങ്ങൾ പോകേണ്ടതെന്നും വത്തിക്കാൻ രേഖ ഓർമിപ്പിക്കുന്നു.
മെജുഗോറിയയിലെ സന്ദേശങ്ങളിൽ ചിലവ, മാനുഷികമായ സന്ദേഹങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന ചിന്തയുളവാക്കുന്നവയാണെന്ന് രേഖയിലുണ്ട്. ഇവ ദുരുദ്ദേശ്യപരമല്ലെന്നും, മറിച്ച്, വ്യക്തിപരമായ ബോധ്യങ്ങളുടെ പ്രത്യേകതകളാണെന്നും രേഖ വ്യക്തമാക്കുന്നു.
മെജുഗൊറെയിലെ മരിയൻ പ്രത്യക്ഷീകരണ സംഭവങ്ങളെക്കുറിച്ച് 15 വർഷമായി നടത്തിയ പഠനത്തിനും അന്വേഷണത്തിനുമൊടുവിലാണ് വത്തിക്കാൻ ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടിട്ടുള്ളത്.
1981 ജൂണിനും ജൂലൈ മൂന്നിനുമിടയിലാണ് മെജുഗൊറെയിലെ സെന്റ് ജയിംസ് ഇടവകദേവാലയത്തിൽ ആറു കുട്ടികൾക്ക് ആദ്യ മരിയൻ പ്രത്യക്ഷീകരണം സംഭവിച്ചത്. തുടർന്നിങ്ങോട്ട് പലകുറി പ്രത്യക്ഷീകരണം ആവർത്തിച്ചു. ഓരോവർഷവും ലക്ഷക്കണക്കിനു തീർഥാടകരാണ് ഈ ബാള്ക്കൻ രാജ്യ ഗ്രാമത്തിൽ എത്തിക്കൊണ്ടിരിക്കുന്നത്.