ഷാംഗ്ഹായ് നഗരത്തെ വിറപ്പിച്ച് ബെബിൻക; ഈ വർഷം ചൈനയിൽ വീശിയടിക്കുന്ന 13-ാമത്തെ ചുഴലിക്കാറ്റ്
Tuesday, September 17, 2024 1:49 AM IST
ബെയ്ജിംഗ്: ചൈനയിലെ ഷാംഗ്ഹായ് നഗരത്തെ വിറപ്പിച്ച് ബെബിൻക ചുഴലിക്കൊടുങ്കാറ്റ്. പുഡോംഗ് ജില്ലയിലെ ലിംഗാംഗ് പ്രദേശത്ത് കരയിൽ തൊട്ട കൊടുങ്കാറ്റിന്റെ വേഗം സെക്കൻഡിൽ 42 മീറ്ററാണെന്ന് ഷാംഗ്ഹായ് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ അധികൃതർ ആയിരക്കണക്കിന് ദുരന്തനിവാരണ സേനാംഗങ്ങളെയാണ് തയാറാക്കി നിർത്തിയിരിക്കുന്നത്. കഴിഞ്ഞ 75 വർഷത്തിനിടെ നഗരത്തിൽ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ബെബിൻക.
ഈ വർഷം ചൈനയിൽ വീശിയടിക്കുന്ന 13-ാമത്തെ ചുഴലിക്കാറ്റാണിത്. നഗരത്തിലെ ഫെറി സർവീസുകളും ട്രെയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. എല്ലാ ദേശീയപാതകളും അടച്ചു.
നഗരത്തിൽനിന്ന് 414,000 പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ട് മുതൽ പുഡോംഗ്, ഹോംഗിയാവോ വിമാനത്താവളങ്ങളിൽനിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
തീരദേശ ജില്ലയായ ഫെംഗ്സിയാനിലെ ബസ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.