വളർച്ച, വികസനം; സിംഗപ്പുരിനെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പ
Thursday, September 12, 2024 11:53 PM IST
സിംഗപ്പൂർ: സിംഗപ്പുരിന്റെ വളർച്ചയെയും സാമൂഹ്യനീതി കൈവരിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയെയും പ്രകീർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ.
സിംഗപ്പുർ സന്ദർശിക്കുന്ന അദ്ദേഹം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പുരിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും നയതന്ത്രപ്രതിനിധികളുമായുമുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു.
ചെറുതായി തുടങ്ങി ലോകത്തിന്റെ വാണിജ്യഹബ്ബായി മാറിയ സിംഗപ്പുരിന്റെ വളർച്ചയെ മാർപാപ്പ പ്രത്യേകം പരാമർശിച്ചു. യുക്തിപൂർവമായ തീരുമാനങ്ങളിലൂടെയാണ് ഈ രാജ്യം പുരോഗതി കൈവരിച്ചത്.
സാന്പത്തികവളർച്ചയ്ക്കൊപ്പം സാമൂഹ്യനീതിക്കും തുല്യപ്രാധാന്യം നല്കുന്ന രാജ്യമാണു സിംഗപ്പൂർ. ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംവിധാനങ്ങൾ, പാർപ്പിടം തുടങ്ങിയവ എല്ലാവർക്കും ലഭിക്കുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തുന്നു.
അതേസമയം, എന്തിനുമേതിനും പ്രായോഗികതയും യോഗ്യതയും അടിസ്ഥാനമാക്കുന്നതു പാർശവത്കരിക്കപ്പെട്ടവർ തഴയപ്പെടാൻ ഇടാക്കുമെന്ന മുന്നറിയിപ്പ് ഫ്രാൻസിസ് മാർപാപ്പ നല്കി. ഡിജിറ്റൽ യുഗത്തിൽ മാനുഷികബന്ധങ്ങൾ പ്രോത്സാഹിക്കപ്പെടണം.
പലവിധ വംശങ്ങളും സംസ്കാരങ്ങളും മതങ്ങളും സിംഗപ്പൂരിൽ സമാധാനത്തോടെ നിലനിൽക്കുന്നു. കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും അന്തസ് സംരക്ഷിക്കപ്പെടണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
നേരത്തേ മാർപാപ്പ സിംഗപ്പു ർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം, പ്രധാനമന്ത്രി ലോറൻസ് വോംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യൂണിവേഴ്സിറ്റി പരിപാടിക്കുശേഷം നാഷണൽ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
സ്നേഹമാണ് സുവിശേഷത്തിന്റെ കേന്ദ്രമെന്ന് കുർബാനമധ്യേയുള്ള സന്ദേശത്തിൽ മാർപാപ്പ ഓർമിപ്പിച്ചു. ഇന്ന് മാർപാപ്പ 45-ാം അപ്പസ്തോലിക പര്യടനം പൂർത്തിയാക്കി റോമിലേക്കു മടങ്ങും.