‘ദൈവത്തെ വധിക്കാൻ’ വന്ന സ്ത്രീ അറസ്റ്റിൽ
Thursday, September 12, 2024 5:17 AM IST
ലണ്ടൻ: ‘യഹൂദന്മാരുടെ ദൈവത്തെ കൊല്ലാനാണു ഞാനിവിടെ വന്നിരിക്കുന്നത്’ എന്നാക്രോശിച്ചുകൊണ്ട് മുസ്ലിം മതമുദ്രാവാക്യങ്ങൾ മുഴക്കി പള്ളിയകത്തു ബഹളംവച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
ലണ്ടനിലെ ഇസ്ലിംഗ്ടൺ ഭാഗത്തുള്ള പ്രോട്ടസ്റ്റന്റ് സഭയുടെ മാലാഖമാരുടെ പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു മുന്പായിരുന്നു സംഭവം. വികാരി ഫാ. റീഗൻ കിംഗും യഹൂദമതസ്ഥയായ ഭാര്യയും കുട്ടികളും പള്ളിയിൽ ഉണ്ടായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് ക്രമസമാധാനഭഞ്ജനത്തിനും മത-വംശീയ വിദ്വേഷ പ്രകടനത്തിനുമെതിരേ അവരുടെ പേരിൽ കേസെടുത്തു.
തന്റെ ഭാര്യയും കുടുംബവും ഭയചകിതരായാണു കഴിയുന്നതെന്ന് വികാരി ഫാ. കിംഗ് പറഞ്ഞു. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനുശേഷം യഹൂദർക്കും ക്രൈസ്തവർക്കുമെതിരായ നിരവധി ആക്രമണങ്ങളിൽ തങ്ങളും ഇരകളാക്കപ്പെട്ടിട്ടുണ്ട്.
എങ്കിലും ശത്രുക്കളെ സ്നേഹിക്കാനും ശപിക്കുന്നവരെ അനുഗ്രഹിക്കാനും ദ്രോഹിക്കുന്നവർക്കു നന്മ ചെയ്യാനുമുള്ള യേശുവചനം തങ്ങൾ കൈവിടുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.