മാർപാപ്പയെ അപായപ്പെടുത്താൻ പദ്ധതി; ഇന്തോനേഷ്യയിൽ ഏഴു പേർ അറസ്റ്റിൽ
Saturday, September 7, 2024 2:20 AM IST
ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പയെ അപായപ്പെടുത്താൻ പദ്ധതിയിട്ട ഏഴു പേരെ ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഭീകരവാദബന്ധമുണ്ടെന്നു സംശയിക്കുന്നു.
ചൊവ്വ മുതൽ വെള്ളിവരെയാണ് മാർപാപ്പ ഇന്തോനേഷ്യ സന്ദർശിച്ചത്. ജക്കാർത്തയോടു ചേർന്ന ബോഗോർ, ബെക്കാസി നഗരത്തിൽനിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഏഴു പേർ പിടിയിലായത്. ഒരാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അന്പ്, വില്ല്, ഡ്രോൺ, ഇസ്ലാമിക് സ്റ്റേറ്റ് ലഘുലേഖകൾ മുതലായവ കണ്ടെടുത്തു.
ഏഴു പേർക്കും പരസ്പരം അറിയാമോ എന്നതിലും ഇവർ ഒരേ തീവ്രവാദ സംഘടനാ പ്രവർത്തകരാണോ എന്നതിലും വ്യക്തതയില്ല. അന്വേഷണം പുരോഗമിക്കുന്നതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.