അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നാളെമുതൽ ഇക്വഡോറിൽ
Saturday, September 7, 2024 2:00 AM IST
ക്വിറ്റോ(ഇക്വഡോര്‍): 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ക്വിറ്റോ നഗരത്തിൽ നാളെ തുടക്കമാകും; 15ന് സമാപിക്കും. “സാഹോദര്യം ലോകത്തെ സൗഖ്യപ്പെടുത്തുന്നു.
നിങ്ങളെല്ലാവരും സഹോദരന്മാരാണ്’’ എന്നതാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. വിശുദ്ധ മത്തായിയുടെ സുവിശേഷം 23: 8ൽനിന്നാണ് ഈ പ്രമേയം സ്വീകരിച്ചിരിക്കുന്നത്. ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിച്ചതിന്റെ 150-ാം വാർഷികം പ്രമാണിച്ചാണു ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഇവിടെ നടക്കുന്നത്.
ക്വിറ്റോ നഗരത്തിലെ മെട്രൊപൊളിറ്റൻ കൺവൻഷൻ സെന്ററിലും പൊന്തിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റിയുടെ സാംസ്കാരിക കേന്ദ്രത്തിലും നഗര ചത്വരത്തിലുമായാണ് ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുക.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നായി കർദിനാൾമാർ, ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ, അല്മായർ എന്നിവരുൾപ്പെടെ 4000 പേർ പങ്കെടുക്കും. ഇതിനുപുറമേ പൊന്തിഫിക്കല്‍ കത്തോലിക്കാ സര്‍വകലാശാലയില്‍ നടക്കുന്ന ദിവ്യകാരുണ്യ സിമ്പോസിയത്തില്‍ ലോകമെമ്പാടുംനിന്നുള്ള 450 ദൈവശാസ്ത്രജ്ഞര്‍ പങ്കെടുക്കും.
ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് അല്മായർക്കുവേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദിനാൾ കെവിൻ ജോസഫ് ഫാരെൽ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കും.
നാളെ നഗരത്തിലെ കൊളോണിയൽ സെന്ററിൽ ആഘോഷമായ വിശുദ്ധ കുർബാനയോടെയും പരസ്യ ആരാധനയോടെയുമാണ് ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കമാകുക. 1600 കുട്ടികൾക്കു പ്രഥമദിവ്യകാരുണ്യ സ്വീകരണവും ഇതോടനുബന്ധിച്ചു നടക്കും.
ദിവ്യകാരുണ്യ കോൺഗ്രസിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ഇക്വഡോറിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനും മാസമായി നടന്നുവരുന്നത്. ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ, ദിവ്യകാരുണ്യ ആരാധന, ആത്മീയ സംഗീതവിരുന്ന് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 1881ൽ ഫ്രാൻസിലെ ലില്ലെയിലാണ് ഫ്രഞ്ച് അല്മായരുടെ നേതൃത്വത്തിൽ ആദ്യ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടന്നത്.
ഫ്രഞ്ച് വിപ്ലവത്തിന്റെ സാഹചര്യത്തിൽ വിശ്വാസവും ഭക്തിയും ആഴപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നു ഇതു സംഘടിപ്പിച്ചത്. തുടർന്നിങ്ങോട്ട് എല്ലാ അഞ്ചു വർഷം കൂടുന്പോഴും അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിച്ചുവരുന്നുണ്ട്. ഏറ്റവുമൊടുവിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ 2021ലായിരുന്നു ദിവ്യകാരുണ്യ കോൺഗ്രസ് നടന്നത്.