ഹമാസ് പരമോന്നത നേതാവ് ഹനിയയെ വധിച്ചു
Thursday, August 1, 2024 2:29 AM IST
ടെഹ്റാൻ: ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമായ ഹമാസിന്റെ പരമോന്നത നേതാവ് ഇസ്മയിൽ ഹനിയ (62) വധിക്കപ്പെട്ടു. ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാന്റെ ചൊവ്വാഴ്ചത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഹനിയ ഇന്നലെ പുലർച്ചെ രണ്ടിനു ടെഹ്റാനിലുണ്ടായ മിസൈലാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഹമാസ് നേതൃത്വത്തെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ, ഹനിയയുടെ മരണത്തിൽ ഇസ്രേലി സർക്കാർ ഔദ്യോഗിക പ്രതികരണത്തിനു തയാറായിട്ടില്ല.
ഹനിയയുടെ മരണത്തിൽ ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയ്യും പ്രസിഡന്റ് പസെഷ്കിയാനും പറഞ്ഞു. ഖമനെയ് ഇറാനിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഹനിയയുടെ വധം സംബന്ധിച്ച് വളരെക്കുറച്ച് വിശദാംശങ്ങളേ ഇറാൻ പുറത്തുവിട്ടിട്ടുള്ളൂ. ഖമനെയ്യുമായും പ്രസിഡന്റ് പസെഷ്കിയാനുമായും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ഹനിയ കൊല്ലപ്പെട്ടത്.
ടെഹ്റാനു വടക്ക് മുൻ സൈനികർക്കുവേണ്ടിയുള്ള പാർപ്പിടത്തിൽ താമസിച്ചിരുന്ന ഹനിയയെ ലക്ഷ്യമിട്ട് വ്യോമാക്രമണം ഉണ്ടായി എന്നാണ് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹനിയയുടെ സ്വകാര്യവസതിക്കു നേരെ ഗൈഡഡ് മിസൈൽ ആക്രമണം ഉണ്ടായതായി സൗദി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഹനിയയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്.
ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ കമാൻഡർ ഫവാദ് ഷുക്കൂറിനെ വധിച്ചുവെന്ന് ഇസ്രേലി സേന പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകമാണു ഹനിയയുടെ വധം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. ഇസ്രേലി സർക്കാരിന്റെ വാർത്താവിതരണ വകുപ്പ്, ‘ഉന്മൂലനം ചെയ്തു’ എന്ന അടിക്കുറിപ്പോ ടെ ഹനിയയുടെ ചിത്രം ഇന്നലെ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്തു.
2017ൽ ഹമാസിന്റെ പോളിറ്റ് ബ്യൂറോ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഖത്തറിലാണു ഹനിയ വസിച്ചിരുന്നത്. അതിനു മുന്പ് ഗാസയിലെ ഹമാസ് മേധാവിയും 2006 മാർച്ച് മുതൽ 2007 ജൂൺ വരെ പലസ്തീൻ പ്രധാനമന്ത്രിയുമായിരുന്നു. ഹനിയയുടെ പതിമൂന്നു മക്കളിൽ മൂന്ന് ആൺമക്കളും മൂന്നു കൊച്ചുമക്കളും ഈ വർഷമാദ്യം ഗാസയിലെ ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഹനിയയുടെ വധം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. ഇറാൻ നേരിട്ട് ഇടപെടുന്നതിലൂടെ പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കാനും ഗാസയിലെ വെടിനിർത്തൽ ചർച്ചകളിൽനിന്നു ഹമാസ് പിന്മാറാനും സാധ്യതയുണ്ട്.
അതേസമയം, ഹമാസ് നേതൃത്വത്തെ ഉന്മൂലനം ചെയ്തെന്നു പ്രഖ്യാപിച്ച് ഇസ്രയേലിനു ഗാസയുദ്ധം അവസാനിപ്പിക്കാനും കഴിയും.