മോദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് സെലൻസ്കി
Wednesday, July 10, 2024 1:52 AM IST
കീവ്: രാജ്യത്തിനെതിരേ റഷ്യൻസേന അതിക്രൂര ആക്രമണം അഴിച്ചുവിട്ട ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തിയതിനെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളോമിദിർ സെലൻസ്കി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തലവൻ കെട്ടിപ്പിടിച്ചത് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലിനെയാണ്. ഇതിൽ നിരാശയുണ്ടെന്നും സമാധാനശ്രമത്തിനുള്ള വലിയ തിരിച്ചടിയാണിതെന്നും സെലൻസ്കി എക്സിൽ കുറിച്ചു.
മോദിയുടെ സന്ദർശനദിവസം കീവിലെ കുട്ടികളുടെ ആശുപത്രിക്കുനേരെ ഉൾപ്പെടെ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളടക്കം 38 പേർ കൊല്ലപ്പെട്ടെന്നും ഇതേദിവസംതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ മറ്റേണിറ്റി ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെ നൂറോളം കെട്ടിടങ്ങൾ തകർന്നതായും സെലൻസ്കി അറിയിച്ചു. ആക്രമണത്തിൽ തകർന്ന ആശുപത്രികളുടെയും സ്കൂളുകളുടെയും ദൃശ്യങ്ങളും സെലൻസ്കി എക്സിൽ പങ്കുവച്ചു.
തിങ്കളാഴ്ച റഷ്യ യുക്രെയിനിൽ നടത്തിയ ആക്രമണത്തെ വിമർശിച്ച് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. റഷ്യൻ ക്രൂരതയുടെ മറ്റൊരു ഉദാഹരമാണ് കീവിലെ കുട്ടികളുടെ ആശുപത്രിയിലടക്കം നടത്തിയ ആക്രമണമെന്നും കീവിലെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
യുക്രെയ്ന്റെ ആവശ്യത്തെത്തുടർന്ന് യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. റഷ്യയുടെ ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.
പുടിനുമായുള്ള കൂടിക്കാഴ്ചയിൽ യുക്രെയ്ന്റെ പരമാധികാരം മാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടണമെന്ന് കഴിഞ്ഞദിവസം അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിരുന്നു.