ദക്ഷിണാഫ്രിക്കയിൽ റാമഫോസ വീണ്ടും പ്രസിഡന്റ്
Saturday, June 15, 2024 12:28 AM IST
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ സിറിൾ റാമഫോസ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ പാർലമെന്റിൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) പാർട്ടി പ്രതിപക്ഷത്തെ ഡെമോക്രാറ്റിക് അലയൻസിന്റെ (ഡിഎ) പിന്തുണയോടെയാണു ഭൂരിപക്ഷം കണ്ടെത്തിയത്. എഎൻസിയും ഡിഎയും ചേർന്ന് ഐക്യസർക്കാരാണു രൂപവത്കരിക്കുക.
മേയ് 29നു നടന്ന തെരഞ്ഞെടുപ്പിൽ എഎൻസിക്ക് 40.2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. വർണവിവേചനം അവസാനിച്ച ശേഷം മൂന്നു പതിറ്റാണ്ടു ഭരിച്ച പാർട്ടിക്കു ഭൂരിപക്ഷം നഷ്ടമാകുന്നത് ഇതാദ്യമാണ്. 2019ലെ തെരഞ്ഞെടുപ്പിൽ 57.5 ശതമാനം ഭൂരിപക്ഷമുണ്ടായിരുന്നു.
ഇന്നലെ സിറിൾ റാമഫോസ അടക്കം പുതിയ പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. തുടർന്നാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തത്.