എങ്ങനെ താങ്ങുമീ വേർപാടുകൾ..?
Friday, June 14, 2024 3:19 AM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിനെയും കേരളത്തെയും ഒരുപോലെ നടുക്കിയ തീപിടിത്തദുരന്തം കഴിഞ്ഞ് രാത്രി ഏതാണ്ട് 12 മണിയായിക്കാണും.
മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദജീജ് മോർച്ചറിക്കു മുന്നിൽ സന്നദ്ധ പ്രവർത്തകരും മാധ്യമപ്രവർത്തകരും എൻബിടിസി തൊഴിലാളികളും അടങ്ങുന്ന ചെറിയ ഒരു സംഘം. അതിനിടയിലേക്ക് ഒരു പിതാവ് വന്നു ചേരുന്നു; ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത, മരവിച്ചു കിടക്കുന്ന മൃതദേഹങ്ങൾക്കിടയിൽ തന്റെ മകനുണ്ടോ എന്നാണ് അന്വേഷണം.
കൂടെയുള്ളവർക്ക് അക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ മകനുണ്ടെന്ന് അറിയാമായിരുന്നു. ഒടുവിൽ ആരോഗ്യ പ്രവർത്തകനായ ജാവേദിന്റെ സഹായത്തോടെ ഉള്ളിൽ ചെന്ന അദ്ദേഹം മകനെ തിരിച്ചറിഞ്ഞു. മകന്റെ മൃതദേഹത്തേക്കാൾ മരവിച്ചിരുന്നു അദ്ദേഹത്തിന്റെ മനസപ്പോൾ. ഒരാഴ്ച മുന്പ് മാത്രമാണ് ശ്രീഹരി എന്ന ആ ചെറുപ്പക്കാരനായ മെക്കാനിക്കൽ എൻജിനിയർ കുവൈറ്റിലെത്തിയത്.
മലപ്പുറം ജില്ലയിലെ കൂട്ടായിക്കാരനായ നൂഹിനെ കാണാനില്ലെന്ന പരാതി കുവൈറ്റിലാകെ പറന്നുനടക്കുകയായിരുന്നു. നൂഹ് മരിച്ചു മരവിച്ചു കിടക്കുകയാണെന്ന് സന്നദ്ധപ്രവർത്തകകർക്ക് ഏതാണ്ട് ഉറപ്പു കിട്ടിയെങ്കിലും അധികൃതർ സ്ഥിരീകരിക്കാത്തതിനാൽ തീർത്തു പറയാനുമാകുന്നില്ല. പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന ആ കുടുംബമറിയുന്നില്ല, പ്രിയപ്പെട്ടവന്റെ മൃതദേഹം മോർച്ചറിയുടെ തണുപ്പിൽ കിടക്കുന്നുവെന്ന്. ഇങ്ങനെ എത്രയെത്ര രംഗങ്ങൾ?!
രാത്രി വളരെ വൈകിയും പിറ്റേന്ന് പുലർന്നശേഷവും മോർച്ചറിയിലും ആശുപത്രികളിലും വേണ്ടപ്പെട്ടവരെ പരതി നടക്കുകയാണ് പലരും. കുവൈറ്റ് സിറ്റിയിൽനിന്ന് ഏതാണ്ട് 35 കിലോമീറ്റർ മാത്രമേ എൻബിടിസി ക്യാന്പിലേക്കുള്ളൂ.
കുവൈറ്റിന്റെ പെട്രോളിയം ഉത്പാദന കേന്ദ്രങ്ങളുമായി അധികം ദൂരമില്ലാത്തതിനാലാണ് മിക്കവാറും കന്പനികളുടെയും തൊഴിലാളി ക്യാമ്പ് ഇവിടെയാകുന്നത്. ഈ ക്യാന്പിലാണ് രാത്രി കൂടെ കിടന്ന പലരും നേരം വെളുക്കുന്പോഴേക്ക് ഇല്ലാതായെന്ന ദുരന്ത വാർത്ത സഹപ്രവർത്തകർ അറിയുന്നത്.