മാലിന്യ ബലൂണിന് ഉച്ചഭാഷിണി മറുപടിയുമായി ദക്ഷിണകൊറിയ
Monday, June 10, 2024 12:56 AM IST
സീയൂൾ: ബലൂണിൽ മാലിന്യം വിതറുന്ന ഉത്തരകൊറിയയ്ക്ക് ഉച്ചഭാഷിണിയിലൂടെ മറുപടി നല്‍കാനൊരുങ്ങി ദക്ഷിണകൊറിയ. അതിർത്തികളിൽ ഉച്ചഭാഷിണികൾ സ്ഥാപിച്ച് ഉത്തരകൊറിയൻവിരുദ്ധ സന്ദേശങ്ങൾ കേൾപ്പിക്കാൻ തീരുമാനിച്ചതായി ദക്ഷിണകൊറിയയിലെ ദേശീയ സുരക്ഷാ സമിതി അറിയിച്ചു. ദക്ഷിണകൊറിയ മുന്‍പും ഇതു ചെയ്തിട്ടുള്ളതാണ്; ആറു വർഷം മുന്‍പ് 2018ൽ നിർത്തിവയ്ക്കുകയായിരുന്നു.
ഉത്തരകൊറിയ കഴിഞ്ഞ ദിവസങ്ങളിലായി നൂറുകണക്കിനു ബലൂണുകളിലാണു ദക്ഷിണകൊറിയയിൽ മാലിന്യങ്ങൾ വിതറിയത്. മാലിന്യങ്ങൾ നിറച്ച സഞ്ചികൾ ബലൂണിൽ ഘടിപ്പിച്ച് ദക്ഷിണകൊറിയയിലേക്കു പറത്തിവിടുകയായിരുന്നു. ദക്ഷിണകൊറിയക്കാർ ബലൂണുകളിൽ ഉത്തരകൊറിയൻ വിരുദ്ധ സന്ദേശങ്ങളും ഉത്തരകൊറിയയിൽ നിരോധനമുള്ള വസ്തുക്കളും അയയ്ക്കുന്നതിനു മറുപടിയായിട്ടായിരുന്നു ഇത്.