ജർമനിയിൽ സിനഗോഗിൽ കത്തിയാക്രമണത്തിനു ശ്രമിച്ചവർ അറസ്റ്റിൽ
Saturday, May 25, 2024 2:14 AM IST
ഹൈഡൽബർഗ്: ജർമനിയിലെ ഹൈഡൽബർഗ് നഗരത്തിൽ സിനഗോഗിൽ കത്തിയാക്രമണം നടത്താൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. തുർക്കി വംശജരാണ് അറസ്റ്റിലായത്. പ്രതികളായ 24കാരൻ ഈ മാസം ആദ്യവും 18കാരൻ കഴിഞ്ഞദിവസവുമാണ് പിടിയിലായത്.
ഹൈഡൽബർഗിലെ സിനഗോഗിലെത്തി ആളുകളെ കുത്തിക്കൊല്ലണമെന്നും അപ്പോൾ എത്തുന്ന പോലീസിന്റെ മുന്നില് മരിക്കണമെന്നുമാണ് ആഗ്രഹിച്ചതെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. അങ്ങനെ രക്തസാക്ഷികളാകാനാണ് അവർ ഉദ്ദേശിച്ചത്.
കഴിഞ്ഞ മൂന്നിന് മറ്റൊരു സംഭവവുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ തെരച്ചിലിലാണ് ഒന്നാമൻ അറസ്റ്റിലായത്. ജനാലയിലൂടെ നിരവധി കത്തികളുമായി പുറത്തുചാടിയ ഇയാൾ പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും പിടിയിലാകുകയുമായിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് രണ്ടാമനും അറസ്റ്റിലായത്.