ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചു
Tuesday, May 21, 2024 2:06 AM IST
ടെഹ്റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം.
അറുപത്തിമൂന്നുകാരനായ പ്രസിഡന്റും വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനും മറ്റ് ഉന്നതരും ഉൾപ്പെടെ എട്ടംഗസംഘം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ മേഖലയിൽ വർസാഖാൻ മലയിടുക്കിൽ കണ്ടെത്തിയതോടെയാണിത്.
ഞായറാഴ്ച രാത്രിയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെങ്കിലും 14 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായത്. കനത്ത മൂടൽമഞ്ഞും മലയിടുക്കിലേക്കുള്ള യാത്രയുമാണു വെല്ലുവിളി സൃഷ്ടിച്ചത്.
അപകടം നടന്നതിനു പിന്നാലെ ഹെലികോപ്റ്റർ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിരുന്നുവെങ്കിലും ഇന്നലെ പുലർച്ചയോടെയാണ് തകർന്നുകിടക്കുന്ന ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ തുര്‍ക്കിയുടെ ഡ്രോണുകൾ കണ്ടെത്തി പകർത്തിയത്.
ഞായറാഴ്ച അസർബൈജാൻ അതിർത്തിയിലെ ക്വിസ് ഖലാസി അണക്കെട്ടിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രസിഡന്റും സംഘവും. അസർബൈജാൻ പ്രസിഡന്റ് ഇൽഹം അലിയേവും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്ന് പ്രസിഡന്റ് സഞ്ചരിച്ചതുൾപ്പെടെ മൂന്ന് ഹെലികോപ്റ്ററുകൾ ഒന്നിനു പുറകേ ഒന്നായി വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിലേക്കു തിരിച്ചു. മറ്റു രണ്ടു ഹെലികോപ്റ്ററുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തി. മൂടൽമഞ്ഞിനെത്തുടർന്ന് മലയിടുക്കിൽ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണു നിഗമനം.
രണ്ടു ദശകത്തോളം പഴക്കമുണ്ടെന്നു കരുതുന്ന യുഎസ് നിർമിത ബെൽ 212 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 15 പേർക്ക് യാത്രചെയ്യാൻ ശേഷിയുള്ള ഹെലികോപ്റ്ററിന്റെ യന്ത്രഭാഗങ്ങളോ പുതിയ ഹെലികോപ്റ്ററോ വാങ്ങാൻ ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാനു കഴിഞ്ഞിരുന്നില്ല.
റെയ്സിക്കും വിദേശകാര്യമന്ത്രിക്കും പുറമേ അസൈര്ബൈജാന് പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മതി, റെയ്സിയുടെ സുരക്ഷാസംഘം തലവന്‍ മുഹമ്മദ് മെഹ്ദി മൗസവി, സഹപൈലറ്റുമാരായ മൊഹ് സെന്‍ ദര്യനുഷ്, സയ്യിദ് താഹിര്‍ മൊസ്താഫി, ടെക്നീഷ്യന് മേജര്‍ ബെഹ്റൗസ് ഖ്വാതിമി, തബ്രിസിലെ ഇമാം മുഹമ്മദ് അലി അല്ഇ ഹാഷിം എന്നിവരാണ് കൊല്ലപ്പെട്ടത്.
അപകടം നടന്ന് ഒരു മണിക്കൂറോളം ഇമാം മരണത്തോട് മല്ലടിച്ച് തുടർന്നു. ഇതിനിടെയിലും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെടാൻ ഇദ്ദേഹം ശ്രമിച്ചിരുന്നുവെന്ന് ഇറേനിയന്‍ ദുരന്തനിവാരണ ഏജന്‍സി പറഞ്ഞു. അപകടകാരണം വ്യക്തമല്ലെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സഹായം നല്‍കുമെന്ന് റഷ്യന്‍ സുരക്ഷാസമിതി സെക്രട്ടറി സെര്‍ജി ഷോയിഗു അറിയിച്ചു.
റെയ്സിയുടെയും അമീർ അബ്ദുള്ളാഹിയാന്റെയും അന്ത്യകര്‍മങ്ങള്‍ ഇന്ന് തബ്രിസില് നടത്തും. തുടര്‍ന്ന് പ്രസിഡന്റിന്റെ ഭൗതികദേഹം ടെഹ്റാനിലേക്കു കൊണ്ടുവരും. റെയ്സിയുടെ ജന്മദേശമായ വടക്കുകിഴക്കന്‍ ഇറാനിലെ മഷാഹാദിലാണ് സംസ്കാരം.
ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം
ഇറാൻ പ്രസിഡന്റിനോടുള്ള ആദരസൂചകമായി ഇന്ത്യ ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇറാനിൽ അഞ്ചുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ് അറിയിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിൻ, ആയത്തുള്ള അലി ഖമനെയ്യെ അനുശോചനമറിയിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന് തുടങ്ങിയവരും അനുശോചിച്ചു.
റെയ്സിയുടെ പിൻഗാമി മുഹമ്മദ് മൊക്ബർ
ടെഹ്റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് ഇടക്കാല പ്രസിഡന്റായി വൈസ് പ്രസിഡന്റ് മുഹമ്മദ് മൊക്ബറിനെ (68) നിയമിച്ചു.
വിദേശകാര്യമന്ത്രിയായി ഇപ്പോഴത്തെ സഹ വിദേശകാര്യമന്ത്രി അലി ബഗേരി കാനിയെയെയും നിയമിച്ചു. അന്‍പതു ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലേക്കും രാജ്യം നീങ്ങുകയാണ്.
ജീവനെടുത്തത് കാലഹരണപ്പെട്ട ഹെലികോപ്റ്റര്‍
പ്രസിഡന്റിന്റെയും വിദേശകാര്യമന്ത്രിയുടെയും ഒപ്പം സഞ്ചരിച്ച മറ്റ് ഏഴുപേരുടെയും ജീവനെടുത്തത് കാലഹരണപ്പെട്ട ബെല്‍ 212 ഹെലികോപ്റ്റര്‍. അമേരിക്കയുടെയും മറ്റും ഉപരോധം നിലവിലുള്ളതിനാല്‍ സ്പെയര്‍ പാര്‍ട്സുകളോ സാങ്കേതികവിദ്യയോ ലഭ്യമല്ലാത്തതിനാല്‍ കൈവശമുള്ള ബെല്‍ 212 ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഇറാൻ. പുതിയവ വാങ്ങാന്‍ സാമ്പത്തിക പ്രതിസന്ധിയും
നേരിടുന്നു.
ആവശ്യത്തിന് ഹെലികോപ്റ്ററുകള്‍ ഇല്ലാത്തതിനാലാണ് സുരക്ഷാപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രസിഡന്റിനെപ്പോലെ അതീവസുരക്ഷ വേണ്ടയാള്ക്കു സഞ്ചരിക്കാന്‍ ബെല്‍ 212 തുടര്‍ന്നും ഉപയോഗിച്ചുവന്നത്. ഇറേനിയന്‍ നാവികസേനയ്ക്കും വ്യോമസേനയ്ക്കുമായി പത്തുവീതം ബെല്‍ 212 ഹെലികോപ്റ്ററുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയിലെ ടെക്സസിലുള്ള ബെല്‍ ഹെലികോപ്റ്റര്‍ കമ്പനി (ഇപ്പോള്‍ ബെല്‍ ടെക്സ്ട്രോണ്‍, ടെക്സ്ട്രോണ്‍ കോര്‍പറേഷന്റെ ഉപവിഭാഗം) ആണ് ബെല്‍ 212 ഹെലികോപ്റ്ററുകളുടെ നിര്‍മാതാക്കള്‍. വിയറ്റ്നാം യുദ്ധകാലത്തെ യുഎച്ച്- ഐ ഇറോക്യോയിസ് ഹെലികോപ്റ്ററിന്റെ (ഹ്യുവെ) പരിഷ്കൃത രൂപമായി 1960ലാണ് ബെല്‍-212 ഹെലികോപ്റ്റര്‍ കനേഡിയന്‍ മിലിട്ടറിക്കുവേണ്ടി നിര്‍മിച്ചത്.
1971ല്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ചു പുറത്തിറക്കിയ ബെല്‍ 212 ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയിലും കാനഡയിലും ഏറെ പ്രശസ്തമായി. 15 പേര്‍ക്കു വരെ സഞ്ചരിക്കാവുന്ന ബെല്‍ പതിപ്പുകളുണ്ടെങ്കിലും ഇബ്രാഹിം റെയ്സി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ആറു യാത്രക്കാരെയും രണ്ട് പൈലറ്റുമാരെയും വഹിക്കാന്‍ ശേഷിയുള്ളതായിരുന്നു.
ബെല്‍ 212ന്റെ നവീന നിര്‍മിതിയായ സുബാറു ബെല്‍ 412 പോലീസ്, മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ട്, സൈനികരുടെ യാത്ര, ഊര്‍ജമേഖല, അഗ്നിരക്ഷാവിഭാഗം തുടങ്ങിയ മേഖലകളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ഏറെ പഴക്കം ചെന്നതോടെ ബെല്‍ 212ന് പഴയ പ്രതാപമില്ല. കൂടുതല്‍ മികച്ച പതിപ്പുകള്‍ ഇറങ്ങിയതും നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ബെല്ലിനെ വില്ലനാക്കി. ബെല്‍ 212 ഹെലികോപ്റ്ററിന്റെ സുരക്ഷാവീഴ്ച നേരത്തേ മുതല്‍ കുപ്രസിദ്ധമാണ്.
എട്ടുമാസം മുമ്പും ഒരു ബെല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷിയും ഇരട്ട എന്ജിന് സൗകര്യവുമുണ്ടെങ്കിലും രണ്ടാമത്തെ എന്ജിന് സാങ്കേതിക തകരാര്‍ ഉണ്ടാകാറുണ്ടെന്നതാണ് പ്രധാന പരാതി. 2023 സെപ്റ്റംബറില്‍ മറ്റൊരു ബെല്‍ 212 ഹെലികോപ്റ്റര്‍ യുഎഇ തീരത്ത് തകര്‍ന്നുവീണിരുന്നു. ആര്‍ക്കും ആളപായമുണ്ടായില്ല. എന്നാല്‍, 2018ലുണ്ടായ സമാനസംഭവത്തില്‍ നാലുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.