ബാൾട്ടിമോർ അപകടം: കണ്ടെയ്നർ കപ്പൽ നീക്കി
Tuesday, May 21, 2024 1:23 AM IST
ബാൾട്ടിമോർ: അമേരിക്കയിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച ഡാലി എന്ന കണ്ടെയ്നർ കപ്പൽ അപകടസ്ഥലത്തുനിന്നു ബാൾട്ടിമോർ തുറമുഖത്തേക്കു നീക്കിത്തുടങ്ങി.
21 മണിക്കൂറുകൾകൊണ്ട് കപ്പൽ ബാൾട്ടിമോർ തുറമുഖത്ത് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കീ ബ്രിഡ്ജ് റെസ്പോണ്‍സ് യൂണിഫൈഡ് കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
കപ്പൽ പാലത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് വിടുവിക്കാനായി നിരവധി നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയിരുന്നു. ബാൾട്ടിമോറിൽ ഡോക്ക് ചെയ്യുന്പോൾ കപ്പലിന്റെ കണ്ടെയ്നറുകൾ ഇറക്കുമെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മാർച്ച് 26 പുലർച്ചെ 1.30നാണ് അപകടമുണ്ടാകുന്നത്. മേരിലാൻഡിൽനിന്നു കൊളംബോയിലേക്ക് യാത്ര തിരിക്കവേയാണ് ഡാലി അപകടത്തിൽപ്പെടുന്നത്. ബാൾട്ടിമോറിലെ സീഗ്രീറ്റ് മറൈൻ ടെർമിനലിൽനിന്ന് ചൊവ്വാഴ്ച അർധരാത്രി 12.24ന് യാത്ര തുടങ്ങിയ കപ്പൽ ഒരു മണിക്കൂറിനകം ഗതിമാറി പാലത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ 800 മീറ്ററോളം ഭാഗമാണ് തകർന്നത്. ആ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അടക്കം പുഴയിൽ വീണു.
പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണ് അപകടമുണ്ടായത്. ആറ് നിർമാണത്തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. വൈദ്യുത തകരാറിനെത്തുടർന്ന് എൻജിൻ സ്തംഭിച്ചതാണ് അപകടകാരണമെന്നാണ് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.