അദ്ഭുത പ്രതിഭാസങ്ങളെപ്പറ്റി പുതിയ വത്തിക്കാൻ പ്രമാണരേഖ
Saturday, May 18, 2024 3:05 AM IST
വത്തിക്കാൻ സിറ്റി: അദ്ഭുതപ്രതിഭാസങ്ങളായി അറിയപ്പെടുന്ന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയം പുതിയ പ്രമാണരേഖ പുറത്തിറക്കി.
ഇത്തരം സംഭവങ്ങൾ പ്രകൃത്യതീതമാണെന്ന് (അദ്ഭുതം) രൂപതാ മെത്രാനോ മെത്രാൻ സംഘമോ തിരുസിംഹാസനമോ മേലിൽ പ്രഖ്യാപിക്കുകയില്ല. പകരം, സംഭവം നടന്ന സ്ഥലത്തേക്കുള്ള തീർഥാടനമോ അവിടെയുള്ള ഭക്തകൃത്യങ്ങളോ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ മാത്രം ചെയ്യും.
‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങൾ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ’ എന്ന രേഖ വിശ്വാസകാര്യാലയ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഇന്നലെയാണ് പ്രകാശനം ചെയ്തത്.
പന്തക്കുസ്താ തിരുനാൾ ദിനമായ നാളെ രേഖ പ്രാബല്യത്തിലാകും. പുതിയ രേഖയനുസരിച്ച് ‘അദ്ഭുതകര’മായ ഒരു സംഭവമുണ്ടായാൽ രൂപതാ മെത്രാൻ അക്കാര്യം വിശദമായി പഠിച്ചതിനുശേഷം വിശ്വാസ കാര്യാലയത്തിൽ റിപ്പോർട്ട് സമർപ്പിക്കണം.
അതേപ്പറ്റി എന്തെങ്കിലും പ്രഖ്യാപനം നടത്താൻ രൂപതാ മെത്രാന് അധികാരമില്ല. ഒരു ദൈവശാസ്ത്രജ്ഞനും കാനൻ നിയമവിദഗ്ധനും ഒരു വിദഗ്ധനും ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ചു വേണം രൂപതാ മെത്രാൻ ഈ പഠനം നടത്താൻ.
യഥാർഥ ദൈവവിശ്വാസം വളർത്താനും അത് അന്ധവിശ്വാസമായി അധഃപതിക്കാതിരിക്കാനും പുതിയ മാർഗനിർദേശങ്ങൾ ഉതകുമെന്ന് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടി.