മാർപാപ്പ സെപ്റ്റംബറിൽ നാലു രാജ്യങ്ങൾ സന്ദർശിക്കും
Saturday, April 13, 2024 1:21 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുമെന്നു വത്തിക്കാൻ അറിയിച്ചു.
സെപ്റ്റംബർ രണ്ടു മുതൽ 13 വരെയുള്ള പരിപാടി ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനമായിരിക്കും. അദ്ദേഹത്തിന്റെ 44-ാമത് അപ്പസ്തോലിക പര്യടനം കൂടിയാണ്.
സെപ്റ്റംബർ രണ്ടിന് റോമിൽനിന്നു വിമാനം കയറുന്ന മാർപാപ്പ പിറ്റേന്നായിരിക്കും ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തുക. ആറാം തീയതി വരെ അവിടെ തുടരും. മുസ്ലിം ജനസംഖ്യയിൽ ഒന്നാമതുള്ള ഇന്തോനേഷ്യയിൽ 80 ലക്ഷം കത്തോലിക്കരാണുള്ളത് (ജനസംഖ്യയുടെ 3.1 ശതമാനം).
ആറു മുതൽ ഒന്പതു വരെയായിരിക്കും പാപ്പുവ ന്യൂഗിനിയ സന്ദർശനം. ഇവിടുത്തെ ജനസംഖ്യയിൽ 32 ശതമാനവും (20 ലക്ഷം) കത്തോലിക്കരാണ്. ഒന്പതു മുതൽ 11 വരെ മാർപാപ്പ കിഴക്കൻ ടിമൂറിലായിരിക്കും.
ഇവിടെ 96 ശതമാനവും കത്തോലിക്കരാണ് (പത്തുലക്ഷത്തിനു മുകളിൽ). 11 -13 നാണ് സിംഗപ്പുർ സന്ദർശനം. 3,95,000 വരുന്ന കത്തോലിക്കർ സിംഗപ്പുർ ജനസംഖ്യയുടെ മൂന്നു ശതമാനമേ വരൂ.