റഷ്യയിൽ ഡാം തകർന്ന സംഭവം; മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി, 6000 വീടുകൾ തകർന്നു
Tuesday, April 9, 2024 12:42 AM IST
മോസ്കോ: കനത്ത മഴയിൽ അണക്കെട്ട് തകർന്നതിനെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ റഷ്യയിലെ ഓറൻബർഗ് മേഖലയിൽ 6000 വീടുകൾ തകർന്നതായി അധികൃതർ. 1225 കുട്ടികളടക്കം 4000 പേരെ ഒഴിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. കസാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ഓർസ്ക് നഗരത്തിനടുത്ത് ഉരാൾ നദിക്കു കുറുകേയുള്ള അണക്കെട്ടാണ് ശനിയാഴ്ച തകർന്നത്.
ഡാമിന് 18 അടി ഉയരമേ ഉള്ളൂവെങ്കിലും ഉരാൾ നദിയിൽ വെള്ളം 31.5 അടി വരെ ഉയർന്നതു സ്ഥിതിഗതികൾ വഷളാക്കുന്നു. 33,000 പേർ അധിവസിക്കുന്ന ഓർസ്ക് നഗരത്തിലെ ഒട്ടുമിക്ക മേഖലകളും വെള്ളത്തിനടിയിലാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തു കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് റീജണൽ ഗവർണർ ഡെനിസ് പാസ്ലർ പറഞ്ഞു.
അണക്കെട്ട് നിർമാണത്തിൽ ചട്ടലംഘനം നടന്നുവെന്ന സംശയത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓർസ്ക് നഗരത്തെ പ്രളയക്കെടുതിയിൽനിന്നു രക്ഷിക്കാൻ 2014ലാണ് ഈ അണക്കെട്ട് നിർമിച്ചത്.
ഉരാൾ പർവതത്തിൽനിന്നു ഉദ്ഭവിച്ചു കാസ്പിയൻ കടലിൽ പതിക്കുന്ന നദിയാണ് ഉരാൾ നദി. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയാണിത്. പ്രളയക്കെടുതിയെത്തുടർന്ന് ഓറൻബർഗ് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നിർദേശപ്രകാരം എമർജൻസി വിഭാഗം മന്ത്രി അലക്സാണ്ടർ കുറെങ്കോവ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
അതേസമയം, ഉരാൾ പർവതമേഖലയിലെ ഗുർഗാനിലും സൈബീരിയൻ മേഖലയായ ട്യുമെനിലും കനത്ത മഴയും പ്രളയക്കെടുതിയും തുടരുകയാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് ഈ മേഖലകൾ അഭിമുഖീകരിക്കുന്നത്. റഷ്യയ്ക്കു പുറമെ അയൽരാജ്യമായ കസാഖിസ്ഥാനിലും കനത്ത മഴയും പ്രളയക്കെടുതിയും തുടരുകയാണ്. കഴിഞ്ഞ 80 വർഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് ഇപ്പോഴത്തേത്.