ദേശീയപതാകയെ അധിക്ഷേപിച്ച ഇമാമിനെ ഫ്രാൻസ് പുറത്താക്കി
Monday, February 26, 2024 2:01 AM IST
പാരീസ്: ദേശീയ പതാകയെ അധിക്ഷേപിച്ചു സംസാരിച്ച ഇമാമിനെ ഫ്രഞ്ച് സർക്കാർ പുറത്താക്കി. ടുണീഷ്യൻ വംശജനായ മാഹ്ജൊബ് മാജൊബിനെയാണു പുറത്താക്കിയത്. ദക്ഷിണ ഫ്രാൻസിലെ മോസ്കിൽ മതപ്രഭാഷണം നടത്തവെയായിരുന്നു ഇമാമിന്റെ രാജ്യവിരുദ്ധ പ്രസ്താവന. മൂന്നു നിറങ്ങളുള്ള ദേശീയപതാക പൈശാചികമാണെന്നായിരുന്നു വിവാദ പരാമർശം.
എന്നാൽ, തന്റെ പരാമർശം അധികൃതർ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഇമാം പ്രതികരിച്ചു. അറസ്റ്റ് ചെയ്തു 12 മണിക്കൂറിനകം ഇമാമിനെ രാജ്യത്തുനിന്ന് പുറത്താക്കിയതായി ആഭ്യന്തരമന്ത്രി ജെറാൾഡ് ദാർമാനിൻ പറഞ്ഞു. നേരത്തെതന്നെ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ അധികൃതർ ഇദ്ദേഹത്തെ നോട്ടമിട്ടിരുന്നു. അടുത്തിടെ പാശ്ചാത്യരാജ്യങ്ങൾക്കെതിരേ പ്രസംഗിച്ച ഈജിപ്ഷ്യൻ വംശജനായ ഇമാമിനെയും നാടു കടത്തിയിരുന്നു.