ബാഫ്റ്റയിലും തിളങ്ങി ഓപ്പൺഹൈമർ
Monday, February 19, 2024 11:23 PM IST
ലണ്ടൻ: ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡിലും (ബാഫ്റ്റ) തരംഗമായി ഓപ്പൺഹൈമർ. അണുബോംബിന്റെ പിതാവായ റോബർട്ട് ഓപ്പൺഹൈമറുടെ കഥ പറയുന്ന സിനിമയ്ക്ക് ഏഴ് അവാർഡുകളാണ് ലഭിച്ചത്.
മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള അവാർഡ് ക്രിസ്റ്റഫർ നോളൻ നേടി. കിലിയൻ മർഫി മികച്ചനടനും റോബർട്ട് ഡൗണി ജൂണിയർ മികച്ച സഹനടനുമായി. ബ്രിട്ടീഷുകാരൻകൂടിയായ നോളന്റെ ആദ്യ ബാഫ്റ്റ അവാർഡാണിത്.
പുവർ തിംഗ്സ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി. മറ്റ് നാല് അവാർഡുകൾകൂടി പുവർ തിംഗ്സിനു ലഭിച്ചു. ദ ഹോൾഡ് ഓവേഴ്സ് സിനിമയിലെ ഡാവിൻ ജോയ് റാണ്ടോൾഡ് ആണ് മികച്ച സഹനടി.
മൂന്നാഴ്ചയ്ക്കുശേഷം പ്രഖ്യാപിക്കുന്ന ഓസ്കറിലും ഓപ്പൺഹൈമർ അവാർഡുകൾ വാരിക്കൂട്ടുമെന്നാണു പറയുന്നത്.