റഷ്യൻ യുദ്ധക്കപ്പൽ യുക്രെയ്ൻ സേന മുക്കി
Thursday, February 15, 2024 12:07 AM IST
കീവ്: അധിനിവേശ ക്രിമിയൻ തീരത്ത് റഷ്യൻ യുദ്ധക്കപ്പൽ മുക്കിയതായി യുക്രെയ്ൻ അവകാശപ്പെട്ടു.
സീസർ കുനിക്കോവ് എന്ന ലാൻഡിംഗ് ഷിപ്പിനു നേരേ ജലഡ്രോണുകൾ പ്രയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങൾ യുക്രെയ്ൻ സേന പുറത്തുവിട്ടു. പട്ടാളക്കാരെ അതിവേഗം യുദ്ധഭൂമിയിൽ വിന്യസിക്കാൻ സഹായിക്കുന്ന കപ്പലാണിത്.
അതേസമയം കപ്പൽ ആക്രമിക്കപ്പെട്ടകാര്യം റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. മേഖലയിൽനിന്ന് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അധിനിവേശം ആരംഭിച്ചശേഷം റഷ്യൻ നാവികസേനയുടെ കരിങ്കടൽ വിഭാഗം ഇടതടവില്ലാതെ ആക്രമണം നേരിടുന്നുണ്ട്. രണ്ടാഴ്ച മുന്പ് ചെറിയ യുദ്ധക്കപ്പലിനു നേർക്ക് ഡ്രോൺ ആക്രമണമുണ്ടായി. ഡിസംബറിൽ നൊവോചെർകാസ്ക് എന്ന മറ്റൊരു ലാൻഡിംഗ് ഷിപ്പും ആക്രമണം നേരിട്ടു.
ഇതിനിടെ, യുദ്ധമുന്നണിയിലെ സ്ഥിതിവിശേഷം അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാണെന്ന് യുക്രെയ്നിലെ പുതിയ സൈനിക മേധാവി ഒലക്സാണ്ടർ സിറിസ്കി പറഞ്ഞു. രൂക്ഷയുദ്ധം നടക്കുന്ന അവ്ഡിവ്ക ഇന്നലെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൾബലം റഷ്യൻ സേനയ്ക്കു മുൻതൂക്കം നല്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.