വടക്കൻ ഗാസയിൽനിന്നു പലയാനം ചെയ്തവർ തിങ്ങിക്കൂടിയിരിക്കുന്ന തെക്കൻ ഗാസയിൽ ഏതാണ്ട് ഇരുപതു ലക്ഷത്തിലധികം പേർ ഇപ്പോഴുണ്ട്. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ധാർമിക ബാധ്യത ഇസ്രയേലിനുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇന്നലെ പരസ്യമായി പറഞ്ഞു.
നിരപരാധികളായ ഒട്ടേറെ പലസ്തീൻകാർ ഗാസയിൽ കൊല്ലപ്പെട്ടതായി വൈസ് പ്രസിഡന്റ് കമലാ ഹാരീസ് ശനിയാഴ്ചയും പറയുകയുണ്ടായി. അടുത്ത മിത്രമായ ഇസ്രയേലിനെതിരേ അമേരിക്ക ശബ്ദം കനപ്പിക്കുന്നതിന്റെ സൂചനയാണിതെന്നു വിലയിരുത്തപ്പെടുന്നു.
ഇതിനിടെ, ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ഇസ്രയേൽ പരമാവധി ശ്രമിക്കുന്നതായി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക് റെഗെവ് പ്രതികരിച്ചു. ഹമാസ് ഭീകരരുടെ കമാൻഡ് സെന്ററുകൾ, ടണലുകൾ ആയുധസംഭരണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് തെക്കൻ ഗാസയിൽ ആക്രമണം നടത്തുന്നതെന്ന് ഇസ്രേലി സേന പറഞ്ഞു.