ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കണം: മാർപാപ്പ
Sunday, December 3, 2023 1:28 AM IST
ദുബായ്: ലോകത്തിന്റെ രക്ഷയ്ക്ക് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന ദരിദ്രരാജ്യങ്ങളെ സഹായിക്കാനുള്ള ബാധ്യത സന്പന്നരാജ്യങ്ങൾക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബായിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി(കോപ് 28)യിൽ അനാരോഗ്യം മൂലം പങ്കെടുക്കാതിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം, വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയത്രോ പരോളിൻ വായിക്കുകയായിരുന്നു.
ആഗോളതാപനം അടക്കമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അവ മറികടക്കാൻ ലോകനേതാക്കൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതായിരുന്നു മാർപാപ്പയുടെ സന്ദേശം.
കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നീ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം. ഇവയെ ആശ്രയിക്കുന്ന ജീവതശൈലിക്കു മാറ്റമുണ്ടാകണം. പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ സ്രോതസുകളിലേക്കു ലോകം മാറണം.
ദാരിദ്ര്യവും ജനനനിരക്കിലെ വർധനയും കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുമെന്ന വാദത്തെ മാർപാപ്പ വിമർശിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന ദരിദ്രരാജ്യങ്ങൾക്കു സഹായം നല്കാൻ, കാർബൺ വാതകങ്ങളുടെ പുറന്തള്ളലിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ തയാറാകണം. ഇത്തരം രാജ്യങ്ങളുടെ കടബാധ്യത തുടച്ചുനീക്കപ്പെടണം- മാർപാപ്പ ആവശ്യപ്പെട്ടു.