ബന്ദികളുടെ മോചനം വൈകിപ്പിച്ച് ഹമാസ്, ആശങ്ക
Sunday, November 26, 2023 2:42 AM IST
ജറുസലെം: ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചുവെന്നാരോപിച്ചു ബന്ദികളെ വിട്ടയയ്ക്കാൻ വിസമ്മതിച്ച് ഹമാസ്. ധാരണപ്രകാരം രണ്ടാംദിവസമായ ഇന്നലെ 14 ഇസ്രേലി ബന്ദികളെ മോചിപ്പിക്കേണ്ടതായിരുന്നു. ഇന്നലെ വൈകുന്നേരം നാലുമുതൽ ബന്ദികളെ മോചിപ്പിച്ചുതുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, രാത്രി 11.30 ആയിട്ടും ബന്ദികളെ മോചിപ്പിച്ചിട്ടില്ല.
ഇസ്രയേൽ സേനയും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന്റെ രണ്ടാംദിവസമായ ഇന്നലെ മോചിപ്പിക്കാൻ ഹമാസ് തീരുമാനിച്ചിരുന്ന ഇസ്രയേലികളിൽ ഭൂരിഭാഗവും കുട്ടികളായിരുന്നു. ഇതുപ്രകാരം ഇസ്രയേലി ജയിലിൽക്കഴിയുന്ന 42 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഹമാസ് വിട്ടയക്കുന്നവരുടെ വിശദാംശങ്ങൾ വെള്ളിയാഴ്ച രാത്രി ലഭിച്ചതായി ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു.
വെടിനിർത്തലിനെത്തുടർന്നു ഘട്ടംഘട്ടമായുള്ള ബന്ദികളുടെ മോചനത്തെ ഇസ്രേലി ജനത സ്വാഗതം ചെയ്തു. എന്നാൽ ഹമാസിന്റെ പിടിയിൽ തുടരുന്നവരുടെ കാര്യത്തിൽ ആശങ്ക വർധിക്കുകയാണെന്നും രാജ്യത്ത് വികാരമുണ്ട്. ഹമാസിന് വീണ്ടും കരുത്താർജിക്കാനുള്ള അവസരം നൽകാതെ ആക്രമണം കൂടുതൽ ശക്തിപ്പെടുത്തി ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെന്നു വാദിക്കുന്നവരും ഉണ്ട്.
നാലു ദിവസത്തെ വെടിനിർത്തൽ കരാർ വെള്ളിയാഴ്ച രാവിലെയാണ് പ്രാബല്യത്തിൽവന്നത്. ഇതേത്തുടർന്ന് ഇസ്രയേലി ജയിലിൽക്കഴിയുന്ന 39 പലസ്തീൻകാരെ വെള്ളിയാഴ്ച മോചിപ്പിച്ചിരുന്നു. 13 ഇസ്രേലികളെയും10 തായ്ലൻഡുകാരെയും ഒരു ഫിലിപ്പീൻസ് പൗരനെയും ഹമാസും മോചിപ്പിച്ചു.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണമാണ് ഒരുമാസത്തിലേറെയായി തുടരുന്ന സംഘർഷത്തിലേക്കു നയിച്ചത്.
ഇതിനിടെ വെടിനിർത്തൽ ഒന്നുരണ്ടുദിവസം കൂടി ദീർഘിപ്പിച്ചേക്കാമെന്ന സൂചനകൾ ലഭിച്ചതായി ഇസ്രയേൽ അറിയിച്ചു. ഇരുഭാഗത്തുനിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും ചർച്ചകൾ തുടരുകയാണെന്നും ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് (എസ്ഐഎസ്) മേധാവി ദിയാ റാഷ്വാൻ അറിയിച്ചു.
ഗാസയിൽനിന്ന് കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിനൊപ്പം ഇസ്രയേൽ ജയിലുകളിൽക്കഴിയുന്ന കൂടുതൽ പലസ്തീൻകാർക്കും ഇതുവഴി സ്വതന്ത്രരാകാൻ കഴിയും.
പ്രതിദിനം പത്തുപേർ എന്ന കണക്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.