നാഗോർണോ-കരാബാക്കിൽനിന്നു 47,000 പേർ അർമേനിയയിലെത്തി
Thursday, September 28, 2023 1:59 AM IST
യെരാവാൻ: അസർബൈജാന്റെ നിയന്ത്രണത്തിലായ നാഗോർണോ-കരാബാക് പ്രദേശത്തുനിന്ന് അർമേനിയൻ വംശജരുടെ കൂട്ടപ്പലായനം തുടരുന്നു. 47,000 അർമേനിയൻ വംശജർ ഇതുവരെ പലായനം ചെയ്തു. നാഗോർണോ-കരാബാക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയാണിത്. നാഗോർണോ-കരാബാക്കിലെ ആകെ ജനസംഖ്യ 1,20,000 ആണ്.
അർമേനിയൻ പൗരന്മാർക്കു തുല്യ പരിഗണന നല്കുമെന്ന് അസർബൈജാൻ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ജനങ്ങൾ ഭീതിയിലാണ്. വംശീയ ഉന്മൂലനം ആരംഭിച്ചെന്ന് അർമേനിയൻ പ്രധാനമന്ത്രി ആരോപിച്ചു. അസർബൈജാനി അതിർത്തിയിൽ കഠിനമായ പരിശോധനകൾക്കാണ് പലായനം ചെയ്യുന്നവർ വിധേയരാകുന്നത്. യുദ്ധക്കുറ്റം ചെയ്തവരെ തേടിയാണ് പരിശോധന എന്നാണ് അസർബൈജാനി അധികൃതരുടെ ഭാഷ്യം.
പലായനം ചെയ്യുന്നവർക്ക് നിരുപാധിക സംരക്ഷണവും യാത്രയ്ക്കു സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു. അർമേനിയയിലേക്കുള്ള റോഡിൽ മണിക്കൂറുകളോളം ഗതാഗതസ്തംഭനമുണ്ടായി. ഭക്ഷണവും വെള്ളവും പാർപ്പിടവുമില്ലാതെ ആയിരങ്ങൾ നരകിക്കുകയാണെന്ന് നാഗോർണോയിലെ അർമേനിയൻ നേതാക്കൾ പറഞ്ഞു. രോഗികളെ ഒഴിപ്പിക്കാൻ ഹെലികോപ്റ്ററുകൾ അയച്ചുവെന്ന് അർമേനിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈദ്യസഹായം എത്തിച്ചുവെന്ന് അസർബൈജാനും അറിയിച്ചു.
ഏതാനും ദിവസം മുന്പു നടന്ന സംഘർഷത്തിൽ ഇരുനൂറിലേറെ അർമേനിയക്കാർ കൊല്ലപ്പെട്ടു. നാനൂറിലേറെ പേർക്കു പരിക്കേറ്റു. തങ്ങളുടെ 192 സൈനികർ കൊല്ലപ്പെട്ടുവെന്ന് അസർബൈജാൻ പറയുന്നു. നാഗോർണോ-കരാബാക്കിലെ ഖാൻകെന്ദിയിലെ ഇന്ധനസംഭരണ കേന്ദ്രത്തിൽ തിങ്കളാഴ്ചയുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 68 ആയി. മുന്നൂറിലേറെ പേർക്കു പരിക്കേറ്റിട്ടുണ്ട്. 105 പേരെ കാണാതായി.
നാഗോർണോ-കരാബാക്ക് സർക്കാരിനെ നയിച്ച റൂബൻ വർദാന്യൻ അറസ്റ്റിൽ
യെരാവൻ: നാഗോർണോ-കരാബാക് മേഖലയിൽ സർക്കാരിനെ നയിച്ച ബിസിനസുകാരൻ റൂബൻ വർദാന്യനെ അസർബൈജാൻ സേന അറസ്റ്റ് ചെയ്തു. 2022 നവംബർ മുതൽ 2023 ഫെബ്രുവരി വരെ സർക്കാരിനെ നയിച്ചത് റൂബനായിരുന്നു. അർമേനിയയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കവേയാണ് റൂബൻ പിടിയിലായത്. അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിലെത്തിച്ച റൂബനെ അന്വേഷണ ഏജൻസികൾക്കു കൈമാറിയെന്ന് അസർബൈജാൻ ബോർഡർ സർവീസ് അറിയിച്ചു.