നാഗോർണോ-കരാബാക്കിൽനിന്ന് അർമേനിയയിലേക്ക് പലായനം
Tuesday, September 26, 2023 3:39 AM IST
യെരവാൻ: അസർബൈജാന്റെ നിയന്ത്രണത്തിലായ നാഗോർണോ-കരാബാക് പ്രദേശത്തുള്ള അർമേനിയൻ ക്രൈസ്തവർ അയൽരാജ്യമായ അർമേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി. മൂവായിരത്തോളം പേർ അർമേനിയയിലെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.
1,20,000 അർമേനിയൻ വംശജരാണ് നാഗോർണോയിലുള്ളത്. ഇവരെ തുല്യപൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്ലിം ഭൂരിപക്ഷ അസർബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, നാഗോർണോയിൽ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അർമേനിയൻ സർക്കാർ മുന്നറിയിപ്പു നല്കി.
അതേസമയം, നാഗോർണോ വാസികളുടെ പുനരധിവാസത്തിനായി അർമേനിയൻ സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 40,000 പേർക്ക് അഭയം നല്കുന്ന പദ്ധതി പരിഗണനയിലുണ്ടെന്നാണ് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ കഴിഞ്ഞയാഴ്ച പറഞ്ഞത്.
അസർബൈജാന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്ന നാഗോർണോ-കരാബാക് പ്രദേശത്ത് അർമേനിയൻ വംശജർക്കാണ് ഭൂരിപക്ഷം. അന്താരാഷ്ട്രസമൂഹം പ്രദേശത്തെ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കുന്നു.
നാഗോർണോയിലെ സായുധ പോരാളികൾ അർമേനിയൻ സേനയുടെ പിന്തുണയുടെ മൂന്നു പതിറ്റാണ്ടായി അസർബൈജാനുമായി സംഘർഷത്തിലായിരുന്നു.
കഴിഞ്ഞയാഴ്ച അസർബൈജാൻ നടത്തിയ രണ്ടുദിവസത്തെ മിന്നലാക്രമണത്തിൽ അർമേനിയൻ പോരാളികൾ കീഴടങ്ങി ആയുധം വെടിയാൻ സമ്മതിച്ചു. നാഗോർണോ-കരാബാക് തിരിച്ചുപിടിച്ചതായി അസർബൈജാൻ പ്രഖ്യാപിച്ചു.
നാഗോർണോയിലെ പരാജയത്തിൽ അർമേനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തമായിട്ടുണ്ട്. തലസ്ഥാനമായ യെരവാനിൽ ഇന്നലെ 140 പേർ പ്രതിഷേധക്കാർ അറസ്റ്റിലായി.