അഴിമതിക്കാരനാണോ എന്നു ചോദ്യം; നവാസിന്റെ ഡ്രൈവർ മാധ്യമപ്രവർത്തകയെ തുപ്പി
Tuesday, September 19, 2023 12:15 AM IST
ലണ്ടനിൽ: അഴിമതിക്കേസിലെ തടവുശിക്ഷ ഒഴിവാക്കാൻ ലണ്ടനിൽ പ്രവാസത്തിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഡ്രൈവർ വനിതയുടെ മുഖത്തു തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ലണ്ടനിലെ ഹൈഡ് പാർക്കിലായിരുന്നു സംഭവം.
നവാസും ഡ്രൈവറും കാറിന്റെ മുൻ സീറ്റിലായിരുന്നു.
ഫോൺ കാമറയുമായി ഡ്രൈവറുടെ ഭാഗത്തെത്തിയ വനിത നവാസിനോട് “നിങ്ങൾ അഴിമതിക്കാരാനാണെന്നു കേൾക്കുന്നുവല്ലോ” എന്നു ചോദിച്ചു. ഡ്രൈവർ വനിതയുടെ മുഖത്ത് ആഞ്ഞുതുപ്പിയശേഷം ചില്ലു താഴ്ത്തി വണ്ടിയോടിച്ചുപോയി.
പാക്കിസ്ഥാനിലെ പ്രതിപക്ഷ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി നേതാവ് ഡോ. ഫാത്തിമ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നവാസിനോട് ചോദ്യം ചോദിച്ച വനിത മാധ്യമപ്രവർത്തകയാണെന്നും കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ നവാസിനെതിരേ പ്രതിഷേധ കമന്റുകൾ ധാരാളം വരുന്നുണ്ട്.
അഴിമതിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചുവരവേ കോടതിയുടെ അനുമതിയോടെ നാലാഴ്ചത്തെ ചികിത്സയ്ക്കായിട്ടാണ് നവാസ് 2019 ഒക്ടോബറിൽ ലണ്ടനിലെത്തിയത്. പിന്നീട് തിരിച്ചുപോകാൻ കൂട്ടാക്കിയില്ല. അദ്ദേഹം അടുത്തമാസം 21ന് പാക്കിസ്ഥാനിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.