കുവൈറ്റ് തെരഞ്ഞെടുപ്പ് നാളെ
കുവൈറ്റ് സിറ്റിയിൽ നിന്ന്ജോർജ് കള്ളിവയലിൽ
Sunday, June 4, 2023 11:31 PM IST
കുവൈറ്റിൽ രണ്ടര വർഷത്തിനിടയിലെ മൂന്നാമത്തെ ദേശീയ അസംബ്ലി (പാർലമെന്റ്) തെരഞ്ഞെടുപ്പ് നാളെ. 50 ഡിഗ്രി സെൽഷസ് വരെയെത്തുന്ന ചൂടുപോലും വകവയ്ക്കാതെ ചൂടേറിയ തെരഞ്ഞെടുപ്പിനായി 80,000ത്തിലേറെ വോട്ടർമാരിൽ ഭൂരിപക്ഷവും പോളിംഗ് ബൂത്തിലെത്തുമെന്നാണു പ്രതീക്ഷ.
കുവൈറ്റിലെ സാന്പത്തിക വികസനം ഏറെക്കുറെ സ്തംഭിപ്പിച്ച നിലയ്ക്കാത്ത രാഷ്ട്രീയ തർക്കങ്ങൾക്കുശേഷം നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് കുവൈറ്റിന്റെ 60 വർഷത്തെ പാർലമെന്ററി ജനാധിപത്യത്തിലെ ഏറ്റവും നിർണായകമാകും. പോളിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. നാസർ മുഹൈസൻ വ്യക്തമാക്കി. 125 പോളിംഗ് ബൂത്തുകളിലും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടക്കം മെഡിക്കൽ ക്ലിനിക്കുകളും ഒരുക്കിയിട്ടുണ്ട്.
അഞ്ചു മണ്ഡലങ്ങളിൽനിന്നായി 10 വീതം 50 എംപിമാരെയാണു ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. ഓരോ വോട്ടർക്കും അവരുടെ മണ്ഡലത്തിൽ നാലു സ്ഥാനാർഥികൾക്കു വീതം വോട്ട് ചെയ്യാവുന്നതാണ് കുവൈറ്റിലെ തെരഞ്ഞെടുപ്പു രീതി. ജനാധിപത്യ പ്രക്രിയകളുടെ പുരോഗതി വിലയിരുത്താനും റിപ്പോർട്ട് ചെയ്യാനുമായി 30 രാജ്യങ്ങളിൽനിന്നുള്ള പ്രത്യേക ക്ഷണിതാക്കൾ കുവൈറ്റിലെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കായി ഫോർ സീസണ്സ് ഹോട്ടലിൽ മീഡിയ സെന്റർ തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 22നു നടന്ന തെരഞ്ഞെടുപ്പിനെത്തുടർന്ന് രൂപീകരിച്ച ദേശീയ അസംബ്ലി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് പിരിച്ചുവിട്ടതോടെയാണു വീണ്ടും തെരഞ്ഞെടുപ്പു വേണ്ടിവന്നത്. 2020ൽ തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയാണു സർക്കാരും എംപിമാരും തമ്മിലുള്ള നീണ്ട തർക്കങ്ങളെത്തുടർന്നു പിരിച്ചുവിട്ടത്.
കഴിഞ്ഞ സെപ്റ്റംബറിലെ തെരഞ്ഞെടുപ്പിനായുള്ള അമീരി ഉത്തരവ് ഭരണഘടനാലംഘനമാണെന്നുകണ്ടെത്തിയതിനാൽ ഭരണഘടനാ കോടതി ഇലക്ഷൻ നടപടി അസാധുവാക്കി. ഇതേത്തുടർന്നാണു പുതിയ അസംബ്ലി ഒഴിവാക്കി 2020ലെ സഭ പുനഃസ്ഥാപിച്ചത്.