ഡേറ്റ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും നിയമമുണ്ടാകണം: രാഹുൽ ഗാന്ധി
Friday, June 2, 2023 1:06 AM IST
സണ്ണിവെയ്ൽ (യുഎസ്): ഡേറ്റ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും ആവശ്യമായ നിയമങ്ങൾ വേണമെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. സിലിക്കൺവാലിയിലെ സംരംഭകരുമായി സംവാദം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ ഫോണും ചോർത്തുന്നുണ്ടെന്ന് അറിയാമെന്ന്, സംവാദത്തിനിടെ പറഞ്ഞ രാഹുൽഗാന്ധി, ഐഫോൺ എടുത്ത് "ഹലോ, മിസ്റ്റർ മോദി’എന്നു തമാശരൂപേണ പറഞ്ഞു.
ഡേറ്റ പുതിയകാലത്തെ സ്വർണമാണെന്നു പറഞ്ഞ രാഹുൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഡേറ്റയുടെ പ്രസക്തി മനസിലാക്കണമെന്ന് ആവശ്യപ്പെട്ടു. നിർമിത ബുദ്ധി, ബിഗ് ഡേറ്റ, മെഷീൻ ലേണിംഗ് എന്നിവയെപ്പറ്റി രാഹുൽ വിശദമായി ചർച്ച ചെയ്തു.
സംരംഭകരായ സയീദ് അമിദി, ഷോൺ ശങ്കരൻ എന്നിവരുമായുള്ള സംഭാഷണത്തിൽ, എല്ലാ സാങ്കേതികവിദ്യയും ഗ്രാമീണ ഇന്ത്യയിലെ സാധാരണക്കാരനും ലഭ്യമാക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു. ""ഏതെങ്കിലും സാങ്കേതികവിദ്യ ഇന്ത്യയിൽ വ്യാപിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അധികാരം വികേന്ദ്രീകരിക്കുന്ന സാഹചര്യമുണ്ടാകണം''-രാഹുൽ പറഞ്ഞു.
പ്ലഗ് ആൻഡ് പ്ലേ ടെക് സെന്റർ സിഇഒയാണ് സയീദ് അമിദി. ഫിക്സ്നിക്സ് സ്റ്റാർട്ടപ്പ് സ്ഥാപകനാണ് ഷോൺ ശങ്കരൻ. പ്ലഗ് ആൻഡ് പ്ലേ സെന്ററിലെ അന്പതു ശതമാനത്തിലേറെ സ്റ്റാർട്ടപ്പുകളും ഇന്ത്യക്കാരുടെയോ ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെയോ ആണെന്ന് സയീദി അമിദി പറഞ്ഞു.