ഹോങ്കോംഗിലെ ജനാധിപത്യ പാർട്ടി പിരിച്ചുവിട്ടു
Sunday, May 28, 2023 2:59 AM IST
ഹോങ്കോംഗ്: ഹോങ്കോംഗിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ സിവിക്സ് പാർട്ടി സ്വമേധയാ പിരിച്ചുവിടപ്പെട്ടു. ചൈനീസ് സർക്കാർ ജനാധിപത്യവിരുദ്ധ നയങ്ങൾ ഹോങ്കോംഗിനു മേൽ അടിച്ചേല്പിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുമായി മുന്നോട്ടുപോകുന്നത് അസാധ്യമാണെന്നു ചെയർമാൻ അലൻ ലിയോംഗ് അറിയിച്ചു.
പാർട്ടി അംഗങ്ങൾ വോട്ടു ചെയ്താണു പിരിച്ചുവിടാൻ തീരുമാനിച്ചത്. 2006ൽ രൂപീകരിക്കപ്പെട്ട സിവിക്സ് പാർട്ടി പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ നല്ല പ്രകടനം നടത്തിയിട്ടുള്ളതാണ്. മിതനയങ്ങൾ പുലർത്തുന്ന പാർട്ടിയുടെ നേതൃസ്ഥാനത്ത് അഭിഭാഷകരും അക്കൗണ്ടന്റുമാരും ഒക്കെയായിരുന്നു.
2020ൽ ഹോങ്കോംഗിനെ വരുതിയിലാക്കാൻ ചൈനീസ് സർക്കാർ ദേശീയ സുരക്ഷാ നടപ്പാക്കിയതോടെ പാർട്ടി നേതാക്കൾ അറസ്റ്റിലാകാൻ തുടങ്ങി. ഹോങ്കോംഗ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർ ചൈനയോടു കൂറുള്ളവരാണെന്ന് ഉറപ്പുവരുത്താൻ 2021ൽ പ്രത്യേക സംവിധാനം കൊണ്ടുവന്നതോടെ ജനാധിപത്യ പാർട്ടികളുടെ പ്രസക്തിതന്നെ നഷ്ടമായിരുന്നു.