ബെൽഗരോദിൽ കടന്നവരെ തുരത്തി, 70 പേരെ വധിച്ചു: റഷ്യ
Tuesday, May 23, 2023 11:45 PM IST
മോസ്കോ: അതിർത്തികടന്ന് ആക്രമണം നടത്തിയ യുക്രെയ്ൻ വിധ്വംസക പോരാളികളെ തോല്പിച്ചതായി റഷ്യ അവകാശപ്പെട്ടു. 70നു മുകളിൽ യുക്രെയ്ൻ തീവ്രവാദികളെ വധിച്ചുവെന്നും ശേഷിച്ചവർ തിരിച്ചോടിയെന്നും റഷ്യൻ പ്രതിരോധമന്ത്രാല യം പറഞ്ഞു.
യുക്രെയ്ൻ അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗരോദിൽ പ്രവേശിച്ച സായുധസംഘം തിങ്കളാഴ്ച നടത്തിയ ആക്രമണത്തിൽ 12 പേർക്കു പരിക്കേറ്റെന്നാണ് ബെൽഗരോദ് ഗവർണർ വയാച്ചെസ്ലാവ് ഗ്ലാഡ്കോവ് അറിയിച്ചത്. പട്ടണത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുമാറ്റുന്നതിനിടെ ഒരു വയോധിക മരിച്ചു. മേഖല സുരക്ഷിതമാകുന്നതുവരെ ഒഴിപ്പിച്ചുമാറ്റപ്പെട്ടവർ തിരിച്ചുവരരുതെന്നും ഗവർണർ നിർദേശിച്ചു.
അതേസമയം, റഷ്യക്കുള്ളിൽ നടന്ന ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. പ്രസിഡന്റ് പുടിനെ എതിർക്കുന്ന റഷ്യൻ വിമതസംഘടനകളായ ‘ഫ്രീഡം ഓഫ് റഷ്യ, റഷ്യൻ വോളന്റീർ കോർ’ സംഘടനാംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ ഡെപ്യൂട്ടി പ്രതിരോധമന്ത്രി ഹന്നാ മലിയാർ അവകാശപ്പെട്ടു. മേഖലയുടെ മോചനത്തിനായി ബെൽഗരോദിൽ രണ്ടു സംഘടനകളും ഓപ്പറേഷൻ നടത്തുന്നതായി ഫ്രീഡം ഓഫ് റഷ്യ പറഞ്ഞു.
യുക്രെയ്നിൽനിന്നുള്ള സംഘങ്ങൾ മുന്പും അതിർത്തി കടന്ന് റഷ്യയിൽ ആക്രമണം നടത്തിയിട്ടുള്ളതാണ്. എന്നാൽ ഇവരെ തുരത്താനുള്ള പോരാട്ടം രണ്ടു ദിവസം നീളുന്നത് ഇതാദ്യമാണ്.
അതിർത്തി കടന്നുള്ള ആക്രമണം ഉത്കണ്ഠ സൃഷ്ടിക്കുന്നതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സംഭവത്തിൽ റഷ്യ തീവ്രവാദ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.