ഇമ്രാന് താത്കാലിക ആശ്വാസം
Thursday, March 16, 2023 12:27 AM IST
ലാഹോർ: അഴിമതിക്കേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നടപടികൾ ലാഹോർ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു.
അറസ്റ്റിനെതിരേ ഇമ്രാൻ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ നല്കിയിരിക്കുന്ന ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ കാത്തിരിക്കാനാണു ലാഹോർ ഹൈക്കോടതി നിർദേശിച്ചത്.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ വിറ്റു ലാഭമുണ്ടാക്കിയെന്ന കേസിൽ ഇമ്രനെതിരേയുള്ള അറസ്റ്റ് വാറന്റ് നടപ്പാക്കാനായി പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ശ്രമം വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു.
ലാഹോറിലെ ഇമ്രാന്റെ വസതിക്കു സമീപം പോലീസും ഇമ്രാന്റെ അനുയായികളും തമ്മിൽ ഏറ്റുമുട്ടി. 54 പോലീസുകാർക്കു പരിക്കേറ്റു. പോലീസിനു പുറമേ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സും രംഗത്തിറങ്ങിയിരുന്നു. കോടതി വിധിക്കു പിന്നാലെ പോലീസ് മേഖലയി ൽനിന്നു പിൻവാങ്ങി.