ഖലിസ്ഥാൻ അനുകൂല ഹിതപരിശോധന: ഓസ്ട്രേലിയയിൽ സംഘർഷം
Tuesday, January 31, 2023 12:47 AM IST
മെൽബണ്: ഓസ്ട്രേലിയയിൽ ഇന്ത്യ അനുകൂലികളും ഖലിസ്ഥാൻ വാദികളും തമ്മിൽ സംഘർഷം. പഞ്ചാബിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ജനഹിത പരിശോധനയ്ക്കിടെയാണു രണ്ടിടത്തു സംഘർഷമുണ്ടായത്.
മെൽബണിലെ ഫെഡറേഷൻ സ്ക്വയറിലായിരുന്നു വോട്ടിംഗ്. സിഖ്സ് ഫോർ ജസ്റ്റീസ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഹിതപരിശോധന. വോട്ടിംഗ് നടക്കുന്നതിനിടെ ഇന്ത്യൻ ദേശീയപതാകയുമേന്തി ഒരുസംഘം സ്ഥലത്തെത്തിയതാണു സംഘർഷത്തിനു കാരണമായത്.
ഏറ്റുമുട്ടലിൽ രണ്ടുപേർക്കു പരിക്കേറ്റു. സംഘർഷത്തിൽ ഏർപ്പെട്ടവരെ പിരിച്ചുവിടാൻ പോലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചു. സംഘർഷവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഖലിസ്ഥാനികളുടെ ഇന്ത്യാവിരുദ്ധനീക്കങ്ങളും ഹൈന്ദവ ക്ഷേത്രങ്ങൾക്കു നേർക്കുണ്ടായ ആക്രമണങ്ങളും തടയണമെന്ന് ഇന്ത്യ ഓസ്ട്രേലിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിഖ്സ് ഫോർ ജസ്റ്റീസ് എന്ന തീവ്രവാദസംഘടനയുടെ സഹായത്തിലാണു ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ ആരോപിക്കുന്നത്.
യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയ്ക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. സിക്കുകാർക്കായി ഖലിസ്ഥാൻ എന്നപേരിൽ പ്രത്യേക രാജ്യം വേണമെന്നാണ് ഇവരുടെ ആവശ്യം.
2021ലെ സെൻസസ് പ്രകാരം ഓസ്ട്രേലിയയിൽ 2.1 ലക്ഷം സിക്കുകാരുണ്ട്. 2011ൽ ഇത് 1.3 ലക്ഷമായിരുന്നു. സിക്ക് വിഭാഗക്കാരിൽ ഭൂരിഭാഗവും വിക്ടോറിയയിലാണു താമസിക്കുന്നത്. അടുത്തിടെ ഓസ്ട്രേലിയയിലെ ഹൈന്ദവ ക്ഷേത്രങ്ങൾക്കുനേരേ ആക്രമണങ്ങളുണ്ടായിരുന്നു.