ചൈനയിൽ അത്യപൂർവ പ്രതിഷേധം ; ചിൻപിംഗിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം
Monday, November 28, 2022 1:27 AM IST
ബെയ്ജിംഗ്: കർശനമായ കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിൽ ക്ഷുഭിതരായ ചൈനീസ് ജനത തെരുവിലിറങ്ങി പ്രതിഷേധിച്ചു. കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരേ വായ് തുറക്കാൻ ഭയപ്പെടുന്ന ചൈനയിൽ, ജനങ്ങൾ പ്രസിഡന്റ് ഷി ചിൻപിംഗിന്റെ രാജി ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയതു ശ്രദ്ധേയമായി. ഏറ്റവും വലിയ നഗരവും സാന്പത്തികകേന്ദ്രവുമായ ഷാംഗ്ഹായിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു പ്രകടനങ്ങൾ. തലസ്ഥാനമായ ബെയ്ജിംഗിലെയും നാൻജിംഗിലെയും യൂണിവേഴ്സിറ്റി വിദ്യാർഥികളും പ്രതിഷേധപ്രകടനങ്ങൾ നടത്തി.
കഴിഞ്ഞയാഴ്ച വടക്കുപടിഞ്ഞാറൻ നഗരമായ ഉറൂംഖിയിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ പത്തു പേർ മരിച്ചതാണു ജനങ്ങളെ ഇത്രയധികം പ്രകോപിതരാക്കിയത്. കോവിഡ് നിയന്ത്രണങ്ങളാണു സംഭവത്തിനു കാരണമെന്നു ജനങ്ങൾ ആരോപിക്കുന്നു.
ഷാംഗ്ഹായിലെ പ്രതിഷേധക്കാരാണു പ്രസിഡന്റ് ഷി ചിൻപിംഗ് രാജിവയ്ക്കാനും കമ്യൂണിസ്റ്റ് പാർട്ടി അധികാരമൊഴിയാനും ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയത്. പ്രസിഡന്റിനെയും ഗവൺമെന്റിനെയും വിമർശിച്ചാൽ കർശന ശിക്ഷ ലഭിക്കാവുന്ന ചൈനയിൽ ഇത്തരം സംഭവങ്ങൾ അസാധാരണമാണ്. പോലീസ് പ്രതിഷേധക്കാരെ മർദിച്ചതായും കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുണ്ട്. ഇന്നലെ രാവിലയോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെങ്കിലും നഗരത്തിൽ കർശനമായ പോലീസ് സാന്നിധ്യം തുടർന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞിട്ടുണ്ട്.
ലോകത്തു മറ്റെല്ലായിടത്തും കോവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയപ്പോൾ ചൈനയിൽ കർശനമായ ക്വാറന്റീൻ വ്യവസ്ഥകൾ ഉൾപ്പെടുന്ന സീറോ കോവിഡ് നയം തുടരുകയാണ്. ഇതിൽ ജനങ്ങൾക്കുള്ള കടുത്ത അതൃപ്തി മനസിലാക്കുന്നതിൽ ചൈനീസ് സർക്കാർ പരാജയപ്പെട്ടെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.