ചൈനയിലെ ഐഫോൺ ഫാക്ടറിയിൽ തൊഴിലാളിക്കലാപം
Thursday, November 24, 2022 12:52 AM IST
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമാണശാലയിൽ തൊഴിൽവേതനത്തെച്ചൊല്ലി കലാപം. സെൻട്രൽ ചൈനയിലെ ഷെംഗ്ഷൗ നഗരത്തിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ ചൊവ്വാഴ്ച മുതൽ തൊഴിലാളികൾ പ്രതിഷേധത്തിലാണ്.
ഇന്നലെ ഫാക്ടറിയിലേക്കു നടന്ന മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരെ പോലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയുമുണ്ടായി. പ്രതിഷേധക്കാർ ഫാക്ടറിയിലെ നിരീക്ഷണകാമറകളും ജനാലകളും തകർത്തു.
ആപ്പിൾ കന്പനിക്കുവേണ്ടി ഐഫോണുകൾ അസംബിൾ ചെയ്തു നല്കുന്ന തായ്വാൻ കന്പനിയായ ഫോക്സോൺ ആണു ഫാക്ടറിയുടെ നടത്തിപ്പുകാർ. ഷെംഗ്ഷൗവിലെ ഇവരുടെ ഫാക്ടറിയിലാണു ലോകത്ത് ഏറ്റവും കൂടുതൽ ഐഫോണുകൾ നിർമിക്കുന്നത്.
കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞമാസം ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. പിന്നീടുണ്ടായ തൊഴിൽ ക്ഷാമം പരിഹരിക്കാനായി 3500 ഡോളർ ദ്വൈമാസ ശന്പളത്തിൽ നിയമിക്കപ്പെട്ടവരാണ് ഇപ്പോൾ കലാപമുണ്ടാക്കുന്നത്.
രണ്ടു മാസംകൂടി അധികമായി ജോലി ചെയ്താലേ ഈ വേതനം നല്കൂ എന്നു കന്പനി നിലപാടു മാറ്റിയെന്നാണു തൊഴിലാളികൾ ആരോപിക്കുന്നത്. കോവിഡ് ബാധിതർക്കൊപ്പം താമസിക്കാൻ നിർബന്ധിച്ചുവെന്നും ക്വാറന്റൈൻ കാലത്ത് ഭക്ഷണം നല്കിയില്ലെന്നും ആരോപിക്കുന്നു.
അതേസമയം, വേതനത്തെച്ചൊല്ലി ചില തൊഴിലാളികൾക്ക് ആശങ്കയുണ്ടെന്നും എന്നാൽ കരാർപ്രകാരമുള്ള തുക നല്കുമെന്നും ഫോക്സ്കോൺ പറഞ്ഞു. കോവിഡ്ബാധിതർക്കൊപ്പം ഡോർമിട്രി പങ്കിടാൻ തൊഴിലാളികളെ നിർബന്ധിച്ചുവെന്നതു കിംവദന്തി മാത്രമാണെന്നും കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനം വർധിച്ചതിനെത്തുടർച്ച് ചൈനീസ് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയതിൽ ജനങ്ങൾ കടുത്ത അമർഷത്തിലായിരിക്കെയാണു തൊഴിലാളികളുടെ കലാപം. മൂന്നാഴ്ചയ്ക്കിടെ രണ്ടര ലക്ഷത്തിലധികം പേർക്കു രോഗംപിടിപെട്ടു. ലോകത്തെല്ലായിടത്തും കോവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റുന്പോൾ കർശന ക്വാറന്റൈൻ നിബന്ധനകളുള്ള സീറോ കോവിഡ് നയം ചൈന തുടരുകയാണ്.