തുർക്കിയിൽ കുർദിഷ് തീവ്രവാദികളുടെ ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു
Tuesday, November 22, 2022 12:25 AM IST
അങ്കാറ: സിറിയയിൽനിന്നു കുർദിഷ് തീവ്രവാദികൾ തുർക്കി പട്ടണത്തിലേക്കു നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.
പത്തു പേർക്കു പരിക്കേറ്റു. ഗാസിയാൻടെപ് പ്രവിശ്യയിലെ കാർകാമിസ് പട്ടണത്തിലെ ഒരു ഹൈസ്കൂളിലും രണ്ടു വീടുകളിലുമാണു റോക്കറ്റുകൾ പതിച്ചത്. അതിർത്തിഗേറ്റിലെ ഒരു ട്രക്കിലും റോക്കറ്റ് പതിച്ചു. കൊല്ലപ്പെട്ടവരിൽ അധ്യാപകനും ഒരു കുട്ടിയും ഉൾപ്പെടുന്നു.
ഒരു റോക്കറ്റ് സ്കൂൾ മൈതാനത്താണു പതിച്ചത്. എന്നാൽ, സ്കൂളിൽ നാശനഷ്ടമൊന്നുമുണ്ടായില്ല. ഒരു സൈനികനും ഏഴു പോലീസ് ഓഫീസർമാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിൽ ചുട്ട മറുപടി നല്കുമെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാന്ഡ സോയ്ലു പറഞ്ഞു.
സിറിയ, ഇറാക്ക് രാജ്യങ്ങളുടെ വടക്കൻ മേഖലകളിൽ കഴിഞ്ഞദിവസങ്ങളിൽ തുർക്കി മാരക ആക്രമണം നടത്തിയിരുന്നു. കുർദിഷ് വർക്കേഴ്സ് പാർട്ടി(പികെകെ), സിറിയൻ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ്(വൈപിജി) എന്നിവയുടെ സ്വാധീനമേഖലകളിലായിരുന്നു ആക്രമണം.
നവംബർ 13ന് ഈസ്താംബുളിലുണ്ടായ സ്ഫോടനത്തിനു തിരിച്ചടിയായിട്ടായിരുന്നു തുർക്കിയുടെ ആക്രമണം. ഈസ്താംബുൾ സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും എൺപതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നായിരുന്നു കുർദിഷ് ഗ്രൂപ്പുകളുടെ വാദം. പികെകെയെ തീവ്രവാദ സംഘടനയായാണ് തുർക്കിയും അമേരിക്കയും കണക്കാക്കുന്നത്. എന്നാൽ, വൈപിജി തീവ്രവാദ സംഘടനയാണെന്ന് അമേരിക്ക പറയുന്നില്ല. സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്കൊപ്പം പോരാടിയ സംഘടനയാണ് വൈപിജി.