യുക്രെയ്ൻ പ്രദേശങ്ങളെ കൂട്ടിച്ചേർക്കാനൊരുങ്ങി റഷ്യ
Thursday, September 29, 2022 12:25 AM IST
മോസ്കോ: യുക്രെയ്നിലെ അധിനിവേശപ്രദേശങ്ങൾ വൈകാതെ റഷ്യയോടു കൂട്ടിച്ചേർത്തേക്കും. കഴിഞ്ഞദിവസങ്ങളിൽ നടന്ന ഹിതപരിശോധനയുടെ ഫലം അനുകൂലമായ സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനു മുന്നിൽ മറ്റു തടസങ്ങളില്ല. അതേസമയം, ഹിതപരിശോധന തട്ടിപ്പാണെന്നും യാതൊരു സാധുതയും ഇല്ലെന്നും യുക്രെയ്നും പാശ്ചാത്യശക്തികളും വ്യക്തമാക്കി.
കിഴക്കൻ യുക്രെയ്നിലെ റഷ്യ അനുകൂല വിമതർക്കു നിയന്ത്രണമുള്ള ലുഹാൻസ്ക്, ഡോണറ്റ്സ്ക് പ്രവിശ്യകൾ, തെക്കൻ യുക്രെയ്നിൽ റഷ്യൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ഖേർസൺ, ഭാഗികനിയന്ത്രണത്തിലുള്ള സാപ്പോറിഷ്യ പ്രദേശങ്ങൾ എന്നിവയാണു റഷ്യയോടു കൂട്ടിച്ചേർക്കാനൊരുങ്ങുന്നത്.
ഹിതപരിശോധനയിൽ ലുഹാൻസ്കിൽ 98ഉം ഡോണറ്റ്സ്കിൽ 99ഉം ഖേർസണിൽ 87ഉം സാപ്പോറിഷ്യയിൽ 93ഉം ശതമാനം പേർ അനുകൂലമായി വോട്ടു ചെയ്തുവെന്നാണ് ഇവിടങ്ങളിലെ റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചത്. പ്രദേശങ്ങളെ റഷ്യയോടു കൂട്ടിച്ചേർക്കാൻ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഹിതപരിശോധനയ്ക്കു നിയമസാധുത ഇല്ലെന്നു യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. റഷ്യക്കു സമ്മർദംകൂട്ടാൻ കൂടുതൽ ഉപരോധങ്ങൾ ചുമത്തണമെന്നും യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്കണമെന്നും യൂറോപ്യൻ യൂണിയൻ, നാറ്റോ, ജി7 ഗ്രൂപ്പ് എന്നിവരോട് യുക്രെയ്ൻ ആവശ്യപ്പെട്ടു.
റഷ്യ നടത്തുന്ന തട്ടിപ്പ് അംഗീകരിക്കരുതെന്നും യുക്രെയ്ന്റെ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമായി അംഗീകരിക്കരുതെന്നും ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിക്കുമെന്നു യുഎസിന്റെ യുഎൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് അറിയിച്ചു. ഹിതപരിശോധന നിയമവിരുദ്ധമാണെന്നു യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ ആരോപിച്ചു.