ഷക്കീറയ്ക്കു വിചാരണ
Wednesday, September 28, 2022 12:29 AM IST
ബാഴ്സലോണ: നികുതി വെട്ടിപ്പ് കേസിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറ വിചാരണ നേരിടണമെന്നു സ്പാനിഷ് കോടതി. 2012-14 കാലഘട്ടത്തിൽ ഷക്കീറ നേടിയ വരുമാനത്തിന്റെ നികുതിയായ 13.9 ദശലക്ഷം ഡോളർ അടച്ചിച്ചെന്നു ചൂണ്ടിക്കാട്ടി 2018ൽ രജിസ്റ്റർ ചെയ്ത കേസിലാണു വിചാരണാനുമതി.
കുറ്റക്കാരിയെന്നു കണ്ടെത്തിയാൽ ഷക്കീറയ്ക്ക് എട്ടുവർഷം വരെ തടവും വൻ തുക പിഴയും ലഭിച്ചേക്കാം. സംഭവത്തിൽ കുറ്റക്കാരിയല്ലെന്നാണ് ഷക്കീറയുടെ വാദം. ഇതുകൊണ്ടുതന്നെ വിചാരണ ഒഴിവാക്കുന്നതിനായി അധികൃതർ മുന്നോട്ടുവച്ച ഒത്തുതീർപ്പു നിബന്ധനകൾ അവർ തള്ളിക്കളഞ്ഞിരുന്നു. വിചാരണയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
സ്പാനിഷ് ഫുട്ബോൾ താരം ജെറാഡ് പിക്വെയുമായുള്ള ബന്ധത്തിന്റെ കാലയളവിലാണു ഷക്കീറ സ്പെയിനിൽ താമസിച്ചത്. അടുത്തിടെ ഇവർ ബന്ധം പിരിഞ്ഞിരുന്നു. ബഹാമാസിലാണു ഷക്കീറയുടെ ഔദ്യോഗിക വസതി. നികുതിവെട്ടിപ്പിന്റെ പേരിൽ സൂപ്പർ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവർക്കെതിരേയും സ്പെയിൻ നടപടി സ്വീകരിച്ചിരുന്നു.