ബുക്കർ പുരസ്കാര ജേതാവ് ഹില്ലരി മാന്റൽ അന്തരിച്ചു
Saturday, September 24, 2022 12:47 AM IST
ലണ്ടൻ: ബുക്കർ പുരസ്കാര ജേതാവായ ബ്രിട്ടീഷ് എഴുത്തുകാരി ഹില്ലരി മാന്റൽ(70) അന്തരിച്ചു. വുൾഫ് ഹാൾ നോവൽ ത്രയങ്ങളിലൂടെ പ്രശസ്തയാണ്. 2009ലും 2012ലും ബുക്കർ പുരസ്കാരം നേടി.
രണ്ടു തവണ ബുക്കർ പുരസ്കാരം നേടിയ ഏക വനിതയാണു ഹില്ലരി മാന്റൽ. നാലു തവണ ബുക്കർ പുരസ്കാരത്തിനു നോമിനേഷൻ ലഭിച്ചു.
ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റുകളിലൊരാളാണ് മാന്റൽ. 1952 ജൂലൈ ആറിന് ഡെർബിഷയറിലെ ഗ്ലോസോപ്പിലാണു ഹില്ലരിയുടെ ജനനം. വുൾഫ് ഹാൾ നോവൽ ത്രയങ്ങൾ 41 ഭാഷകളിലേക്കു വിവർത്തനം ചെയ്തു. 50 ലക്ഷം പുസ്തകങ്ങളാണു ലോകമാകെ വിറ്റഴിഞ്ഞത്.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നു നിയമബിരുദം നേടിയ ഹില്ലരി മാന്റൽ ബോട്സ്വാനയിൽ സാമൂഹ്യപ്രവർത്തകയായി അഞ്ചു വർഷം ജോലി ചെയ്തു. സൗദി അറേബ്യയിൽ നാലു വർഷം ജോലി ചെയ്തു.
എൺപതുകളുടെ മധ്യത്തിൽ ബ്രിട്ടനിൽ തിരിച്ചെത്തി. ജിയോളജിസ്റ്റ് ജെറാൾഡ് മക്ഇവെൻ ആണു ഭർത്താവ്. 1972ലായിരുന്നു വിവാഹം.