ഇന്ത്യ വേഗത്തിൽ വളരുന്ന സന്പദ്വ്യവസ്ഥ: പ്രധാനമന്ത്രി
Friday, September 16, 2022 11:41 PM IST
സമർഖന്ധ് (ഉസ്ബക്കിസ്ഥാൻ): ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ സന്പദ്വ്യവസ്ഥയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉസ്ബക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ രാജ്യങ്ങളുടെ സാന്പത്തിക, സുരക്ഷാ കൂട്ടായ്മയായ ഷാംഗ്ഹായ് സഹകരണ സഖ്യത്തിന്റെ (എസ്സിഒ) ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ആഗ്രഹിക്കുന്നു. ജനകേന്ദ്രീകൃത വികസന മാതൃകയിലും സാങ്കേതിക കാര്യക്ഷമതയിലും ഇന്ത്യൻ സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നു. രാജ്യത്തെ കൂടുതൽ നവീകരിക്കുന്നതിന് ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുമായി മോദി ചർച്ച നടത്തി.