എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകൾ തിങ്കളാഴ്ച ആരംഭിക്കും
Friday, September 16, 2022 1:52 AM IST
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ അന്ത്യകർമങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് ആരംഭിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
വിൻഡ്സറിലെ സെന്റ് ജോർജ് ചാപ്പലിലെ കിംഗ് ജോർജ് ആറാമൻ സ്മാരക ചാപ്പലിൽ മൃതദേഹം രാത്രി 7.30 ഓടെ സംസ്കരിക്കും. ഈ സമയം ബ്രിട്ടൻ മുഴുവൻ രണ്ടു മിനിറ്റ് മൗനമാചരിക്കും.
സെപ്റ്റംബർ എട്ടിന് സ്കോട്ലൻഡിലെ ബൽമോറൽ കൊട്ടാരത്തിൽ അന്തരിച്ച രാജ്ഞിയുടെ മൃതദേഹം ബ്രിട്ടീഷ് പാർലമെന്റ് മന്ദിരമായ വെസ്റ്റ്മിൻസ്റ്ററിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. രാജ്ഞിയുടെ ഭൗതികശരീരത്തിൽ ആദരമർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ലണ്ടനിലേക്ക് ജനം ഒഴുകയാണ്. തേംസ് നദിക്കരയിലെ വെസ്റ്റ്മിൻസ്റ്ററിലേക്കു നാലു മൈൽ നീണ്ട ക്യൂ വിൽനിന്നാണ് ആളുകൾ എത്തുന്നത്.
ഇന്നു വൈകുന്നേരം ചാൾസ് മൂന്നാമൻ രാജാവും സഹോദരന്മാരും വെസ്റ്റ്മിൻസ്റ്റർ ഹാളിൽ 15 മിനിറ്റ് ദൈർഘ്യമുള്ള പ്രാർഥനയിൽ പങ്കെടുക്കും. സെന്റ് ഗില്ലീസ് കത്തീഡ്രലിൽ നടത്തിയ പ്രാർഥനയിലും ചാൾസും സഹോരങ്ങളായ ആനി രാജകുമാരിയും ആൻഡ്രു, എഡ്വേർഡ് രാജകുമാരന്മാരും പങ്കെടുത്തിരുന്നു.
തിങ്കളാഴ്ച രാവിലെ 11ന് മൃതസംസ്കാര ചടങ്ങുകൾ ആരംഭിക്കും. യുഎസ് പ്രസഡിന്റ് ജോ ബൈഡനും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും അടക്കം രണ്ടായിരത്തോളം വിശിഷ്ടാതിഥികൾ പങ്കെടുക്കും.