ഈജിപ്തിൽ പള്ളിയിൽ തീപിടിത്തം; 41 മരണം
Monday, August 15, 2022 1:26 AM IST
കയ്റോ: ഈജിപ്തിലെ കയ്റോയിൽ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചു. 14 പേർക്കു പൊള്ളലേറ്റു. ഇംബാബയിലെ അബു സെഫിൻ പള്ളിയിലാണു കുർബാനയ്ക്കിടെ തീപിടിത്തമുണ്ടായത്. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
അപകടസമയത്ത് അയ്യായിരത്തോളം പേർ പള്ളിയിലുണ്ടായിരുന്നു. കയ്റോയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശത്തെ ഇടുങ്ങിയ തെരുവിലാണു പള്ളി സ്ഥിതി ചെയ്യുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി, കോപ്റ്റിക് സഭാ തലവൻ പോപ്പ് തവാദ്രോസ് രണ്ടാമനെ ടെലിഫോണിൽ വിളിച്ച് അപകടത്തിൽ അനുശോചനം അറിയിച്ചു.
ഈജിപ്തിലെ പത്തു കോടിയിലേറെ ജനങ്ങളിൽ പത്തു ശതമാനമാണു ക്രൈസ്തവർ. ഇവരിൽ ബഹുഭൂരിപക്ഷവും കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളാണ്.