റഷ്യയുടെ കരിങ്കടൽ വ്യൂഹത്തിനുനേരേ ഡ്രോൺ ആക്രമണം
Monday, August 1, 2022 12:28 AM IST
കീവ്: റഷ്യയുടെ കരിങ്കടൽ വ്യൂഹത്തിനു നേരേ ഞായറാഴ്ച ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ ആറു പേർക്കു പരിക്കേറ്റു. ക്രിമിയ മുനന്പിലെ സെവസ്റ്റോപോളിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടർന്ന് റഷ്യയുടെ നാവികദിനം റദ്ദാക്കി. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുവാണു പൊട്ടിത്തെറിച്ചതെന്നും ആക്രമണത്തിൽ ആറു പേർക്കു പരിക്കേറ്റതായും സെവസ്റ്റോപോൾ മേയർ മിഖായേൽ റാസോഖേവ് പറഞ്ഞു. തദ്ദേശീയമായി നിർമിച്ച ഡ്രോണാണെന്നും എവിടെനിന്നാണ് എത്തിയതെന്നു കണ്ടെത്തിയിട്ടില്ലെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണെന്നും മൈകൊലൈവിൽ യുക്രെയ്ൻ വ്യവസായി ഒലൻസി വടതുർസ്കിയും ഭാര്യയും കൊല്ലപ്പെട്ടതായും മേയർ അറിയിച്ചു. ഭക്ഷ്യധാന്യ കയറ്റുമതി നടത്തുന്നയാളാണ് ഒലൻസി.
സുമി മേഖലയിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി പ്രദേശിക ഭരണകൂടം അറിയിച്ചു. ഭാഗികമായി റഷ്യൻ വിതരുടെ കൈവശമുള്ള ഡൊണട്സ്ക് മേഖലയിൽ ആക്രമണത്തിൽ മൂന്നു പേർ യുക്രെയ്നിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
റഷ്യയുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്കയിലെ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 53 പേർ യുക്രെയ്നിൽ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുടെ ഉപദേഷ്ടാവ് മൈക്കളോ പൊടോലിയാക് പറഞ്ഞു.
ഒലെനിവ്ക ആക്രണത്തിനു പിന്നിൽ യുക്രെയ്ൻ ആണെന്നു റഷ്യ ആരോപിച്ചു. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.