സിനിമാഷൂട്ടിംഗിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു
Saturday, October 23, 2021 12:51 AM IST
സാന്റാഫേ: യുഎസിലെ സാന്റാഫേയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. സംവിധായകനു ഗുരുതരമായി പരിക്കറ്റു. ന്യൂമെക്സിക്കോയിലെ സാന്റാഫേയിൽ ചിത്രീകരിക്കുന്ന റസ്റ്റ് എന്ന എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം.
42 കാരിയായ ഛായാഗ്രാഹക ഹലീന ഹച്ചിൻസാണ് കൊല്ലപ്പെട്ടത്. സംവിധായകനായ ജോയൽ സോസയാണ് ഗുരുതരനിലയിൽ ആശുപത്രിയിൽ കഴിയുന്നത്.
നായകൻ അലെക് ബോൾഡ്വിന്നിന്റെ തോക്കിൽ നിന്നാണ് ഇരുവർക്കും വെടിയേറ്റത്. ഉടൻ ഹലീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന പ്രോപ് ഗണ്ണിൽ നിന്നുള്ള വെടിയേറ്റാണ് അപകടമെന്നതിനാൽ കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടത്തിയശേഷമേ തുടർനടപടി ഉണ്ടാകൂ എന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ നായകൻ അലെക് ബോൾഡ്വിന്നിനെ പോലീസ് ചോദ്യംചെയ്തു.
ഹോളിവുഡിൽ മുന്പും പ്രോപ്ഗൺ അപകടം വരുത്തിവച്ചിട്ടുണ്ട്. ‘ദി ക്രോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിയേറ്റായിരുന്നു ഇതിഹാസ താരം ബ്രൂസ്ലിയുടെ മകൻ ബ്രാൻഡൻ ലി യുടെ മരണം.