ഇന്ത്യയിൽനിന്ന് 50 കോടി ഡോളറിന്റെ വായ്പ തേടി ശ്രീലങ്ക
Monday, October 18, 2021 12:18 AM IST
കൊളംബോ: കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക ഇന്ധനവില നൽകുന്നതിനായി 50 കോടി ഡോളറിന്റെ വായ്പാ സഹായം ഇന്ത്യയോടു തേടി. രാജ്യത്ത് ഇന്ധനലഭ്യത ജനുവരി വരെ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂയെന്നു കഴിഞ്ഞ ദിവസം ഊർജമന്ത്രി ഉദയ ഗമ്മാൻപില പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു ലങ്ക ഔദ്യോഗികമായി ഇന്ത്യയുടെ സഹായം തേടിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപറേഷൻ 330 കോടി ഡോളറിന്റെ വായ്പ സിലോൺ ബാങ്കിൽനിന്നും പീപ്പിൾസ് ബാങ്കിൽനിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അറബ് രാജ്യങ്ങളിൽനിന്നും സിംഗപ്പൂരിൽനിന്നുമാണു ശ്രീലങ്ക കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യ-ശ്രീലങ്ക സാന്പത്തിക സഹകരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഹൈക്കമ്മീഷനിൽനിന്ന് 50 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെട്ടതായി സിലോൺ പെട്രോളിയം കോർപറേഷൻ (സിപിസി) ചെയർമാൻ സുമിത് വിജയ്സിംഗ പറഞ്ഞു. പെട്രോളും ഡീസലും വാങ്ങുന്നതിനു വേണ്ടിയാണു പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യത്തെയും പെട്രോളിയം സെക്രട്ടറിമാർ കരാറിൽ ഒപ്പുവയ്ക്കുമെന്നും വായ്പ വൈകാതെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെത്തുടർന്ന് ശ്രീലങ്കയിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. പ്രധാന വരുമാന മാർഗമായ ടൂറിസം രംഗം നിശ്ചലമായതോടെ രാജ്യത്തെ ജിഡിപി 3.6 ശതമാനം ചുരുങ്ങി. ശ്രീലങ്കൻ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുന്പോൾ ഒന്പതു ശതമാനം താണു.