ബോട്ടപകടം: ചൈനയിൽ 10 മരണം
Sunday, September 19, 2021 10:55 PM IST
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വിചൗ പ്രവിശ്യയിൽ യാത്രാബോട്ട് അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു. അഞ്ചുപേരെ കാണാതായി. അപകടത്തിൽപ്പെട്ടവരിൽ ഏറെയും വിദ്യാർഥികളാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ലിപാൻഷുയിലായിരുന്നു അപകടം.
40 പേർക്കു സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ അതിലേറെ ആളുകളുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യാത്രക്കാരുടെ എണ്ണം എത്രയാണെന്ന് അധികൃതർക്കും വ്യക്തതയില്ല. 40 പേരെ രക്ഷപ്പെടുത്തിയെന്നും കുറഞ്ഞത് ആറുപേരെയെങ്കിലും കണ്ടെത്താനുണ്ടെന്നുമാണ് വിശദീകരണം.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരിൽ 31 പേർ അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനായി 17 സംഘങ്ങളാണ് അപകടസ്ഥലത്ത് എത്തിയത്. 50 ബോട്ടുകൾ തെരച്ചിലിനായി ഉപയോഗിച്ചു.