അൾജീരിയ മുൻ പ്രസിഡന്റ് ബൂട്ട്ഫ്ളിക്ക അന്തരിച്ചു
Saturday, September 18, 2021 11:03 PM IST
അൾജിയേഴ്സ്: അൾജീരിയയുടെ മുൻ പ്രസിഡന്റ് അബ്ദെല്ലസീസ് ബൂട്ട്ഫ്ളിക്ക (84) അന്തരിച്ചു. രണ്ടു പതിറ്റാണ്ടിലേറെ രാജ്യത്തെ നയിച്ച ബൂട്ട്ഫ്ളിക്ക 2019ൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണു സ്ഥാനമൊഴിഞ്ഞത്. 1950കളിലും അറുപതുകളിലും നടന്ന അൾജീരിയൻ സ്വാതന്ത്ര്യസമരത്തിൽ ബൂട്ട്ഫ്ളിക്ക പങ്കുവഹിച്ചിട്ടുണ്ട്.
1962ൽ ഫ്രാൻസിൽനിന്ന് അൾജീരിയ സ്വാതന്ത്ര്യം നേടിയപ്പോൾ 25-ാം വയസിൽ ബൂട്ട്ഫ്ളിക്ക വിദേശകാര്യമന്ത്രിയായി. പ്രായംകുറഞ്ഞ വിദേശകാര്യമന്ത്രിയെന്ന റിക്കാർഡ് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല.
1999ൽ രണ്ടു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ട ആഭ്യന്തരയുദ്ധത്തിനു പിന്നാലെയാണ് ബൂട്ട്ഫ്ളിക്ക പ്രസിഡന്റ് പദത്തിലെത്തുന്നത്.
2013ൽ പക്ഷാഘാതം വന്നുകിടപ്പിലായശേഷം വിരളമായേ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ.